5 വയസു വരെയുള്ള എല്ലാ കുഞ്ഞുങ്ങളെയും ഇന്ന് തന്നെ ബൂത്തിലെത്തിച്ചു പോളിയോ പ്രതിരോധം ഉറപ്പാക്കണം
പൾസ് പോളിയോ ദിനമായ ഇന്നുതന്നെ 5 വയസു വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും തൊട്ടടുത്ത ബൂത്തിലെത്തിച്ച് പ്രതിരോധ മരുന്ന് നൽകണമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്ത് ഇതിനായി 13000 ത്തോളം ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, അങ്കണവാടികൾ, വായനശാലകൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബോട്ടുജെട്ടികൾ തുടങ്ങിയ സ്ഥലങ്ങളിൽ ബൂത്തുകൾ പ്രവർത്തിക്കും.
തിരുവനന്തപുരം പേരൂർക്കട മാതൃകാ ജില്ലാ ആശപത്രിയിൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും
അയൽ രാജ്യങ്ങളിൽ നിലവിൽ പോളിയോ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇതിന് എതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി തുടങ്ങി സംസ്ഥാനത്ത് നാല് ജില്ലകളിൽ നിലവിൽ തുള്ളി മരുന്ന് നൽകാത്തത് കേന്ദ്ര ഗവണ്മിൻ്റെ നിർദ്ദേശപ്രകാരമാണെന്നും എല്ലാ ജില്ലകളിലും പരിപാടി അനുവദിക്കാൻ കേന്ദ്രത്തോട് മുൻകൂട്ടി സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഓരോ കുഞ്ഞും ഭാവിയുടെ സ്വത്ത് ആയതിനാൽ എല്ലാ കുഞ്ഞുകൾക്കും പോളിയോ തുള്ളിമരുന്ന് ഉറപ്പാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം വീണ്ടും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നു മന്ത്രി ഉറപ്പു നൽകി.
പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയുടെ വികസനത്തിനായി നബാർഡ് പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്. സമയബന്ധിതമായി ആശുപത്രി വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയുടെ വികസനത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം അനിവാര്യമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രേണുരാജ് ഐ.എ.എസ്, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ. കെ. സക്കീന, ഡോ. റീത്ത കെ.പി., ഡോ. ബി. ഉണ്ണികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സരിതകുമാരി എൽ.ടി. പോളിയോ സർവൈലൻസ് മെഡിക്കൽ ഓഫീസർ ഡോ. സൈറ ബാനു,
വാർഡ് കൗൺസിലർ ശ്രീ. വിനീത് വി.ജി., ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി. പ്രസന്നകുമാരി, ആരോഗ്യകേരളം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക്, ആർ.സി.എച്ച്. ഓഫീസർ ഡോ. ശിൽപ ബാബു തോമസ്, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി സൂപ്രണ്ട് ഡോ. അനു എം.എസ്., സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ മീഡിയ ഓഫീസർ ശ്രീ. ഡോമി ജോൺ എന്നിവർ സംസാരിച്ചു.

