പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്: 39 പരാതികള്‍ തീര്‍പ്പാക്കി

Advertisement
Featured Image

സംസ്ഥാന പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ 39 കേസുകള്‍ തീര്‍പ്പാക്കി. പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ബന്ധപ്പെട്ട് കമ്മീഷന്‍ മുമ്പാകെ ലഭിച്ചതും വിചാരണയിലുള്ളതുമായ 41 പരാതികളാണ് കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്റെ നേതൃത്വത്തില്‍ പരിഗണിച്ചത്. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ പി ജെ ഹാളില്‍ നടന്ന അദാലത്തില്‍ പരാതിക്കാര്‍, എതിര്‍കക്ഷികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കമ്മീഷന്‍ നേരില്‍ കേട്ടു.കര്‍ണ്ണാടക സംസ്ഥാനത്തെ എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബഗുഡ വിഭാഗക്കാരെ കേരളത്തില്‍ എസ്.ടിയായി പരിഗണിക്കണമെന്ന അപേക്ഷയില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തതായി കമ്മീഷന്‍ അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ അരണമല കാട്ടുനായ്ക്ക ഉന്നതി. പൂതാടി ഗ്രാമപഞ്ചായത്തിലെ ചീയമ്പം പണിയ, കാട്ടുനായ്ക ഉന്നതികള്‍ കമ്മീഷന്‍ സന്ദര്‍ശിച്ചു. അദാലത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 13 പരാതികളും പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ആറ് പരാതികളുമാണ് ലഭിച്ചത്. നാല് പരാതികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, എട്ട് പരാതി പട്ടികജാതി വകുപ്പ്, മൂന്ന് പരാതികള്‍ ഗവ സര്‍വീസുമായും ബന്ധപ്പെട്ടതാണ്. കെ.എസ്.ഇ.ബി, ബാങ്ക്, പി.ഡബ്ല്യൂ.ഡി ഉള്‍പ്പെടെ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച ഏഴ് പരാതികളും അദാലത്തില്‍ കമ്മീഷന്‍ പരിഗണിച്ചു. ശേഷിക്കുന്ന പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ജില്ലയില്‍ പരാതികള്‍ കുറവാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ജില്ലയില്‍ കമ്മീഷന്‍ നടത്തിയ രണ്ട് അദാലത്തുകളിലായി 93 പരാതികളാണ് തീര്‍പ്പാക്കിയത്. കളക്ടറേറ്റില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ അംഗം ടി.കെ വാസു, അസിസ്റ്റന്റ് രജിസ്ട്രാര്‍ അജിത് പ്രസാദ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement

Related News