അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും പലരേയും രോഗികളാക്കുന്നു. ഹൃദ്രോഗം പോലെതന്നെ ചെറുപ്പക്കാരിലടക്കം വര്‍ധിച്ചുവരുന്ന മറ്റൊരു ആരോഗ്യ പ്രശ്‌നമാണ് വൃക്കകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍. മികച്ച ആരോഗ്യം ലഭിക്കണമെങ്കില്‍ നല്ല ആഹാരവും കഴിക്കേണ്ടതുണ്ടെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. നാം കഴിക്കുന്ന പല ഭക്ഷണങ്ങളിലും പഞ്ചസാരയുടെയും സോഡിയത്തിന്റെയും അളവ് വളരെ കൂടുതലാണ്. ഇവ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുന്നു.
അമേരിക്കയിലെ നാഷണല്‍ കിഡ്ണി ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമാണ് വൃക്കരോഗം വര്‍ധിക്കാനുള്ള കാരണങ്ങളില്‍ പ്രധാനം. അതുകൊണ്ടുതന്നെ ഇവ നിയന്ത്രിക്കുന്നത് വൃക്കരോഗത്തിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
വൃക്കരോഗത്തിന്റെ അപകട സാധ്യതകള്‍ കുറയ്ക്കാനായി ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ സഹായിക്കും. നാഷണല്‍ കിഡ്ണി ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ ആരോഗ്യമുള്ള വ്യക്തികള്‍ പോലും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

