ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ഐതിഹാസിക സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യവും സ്നേഹവുമാണ് രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും. രാജ്യത്തിന്റെ വർത്തമാനവും ഭാവിയുടെ വിധാതാക്കളുമായ യുവാക്കളെ ചേർത്തുനിർത്തി സ്നേഹത്തിന്റെ കരം പകരുന്നതിന് പകരം ലാത്തിയും ബുള്ളറ്റുകളും സമ്മാനിക്കുന്നത് രാജ്യത്തിന്റെ ചൈതന്യത്തിന് ചേർന്നതല്ലെന്നും മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, മൗലാനാ അബുൽകലാം ആസാദ്, സർദാർ വല്ലഭായ് പട്ടേല്‍ ഉൾപ്പെടെ അനേകം നേതാക്കളുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരത്തെ രാജ്യം മുഴുവൻ ഏറ്റെടുത്തിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ധീരമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് വേദിയായ മണ്ണാട് വയനാടിന്റേത്. ഗോത്രവർഗ സമൂഹത്തിൽ നിന്ന് ഉയർന്നുവന്ന ചെറുത്തുനിൽപ്പുകൾ ഉയർത്തിക്കാട്ടേണ്ടതുണ്ട്. സ്വന്തം ജനതയുടെ മണ്ണും സാമ്പത്തിക അടിത്തറയും സംരക്ഷിക്കാൻ ധീരമായി പോരാടി വീരമൃത്യുവരിച്ച അനേകം ഗോത്രവർഗ നേതാക്കളുടെ പോരാട്ടങ്ങൾ രാജ്യത്തിന്റെ ഉജ്ജ്വലമായ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാണ്. തങ്കലിപികളിൽ ആലേഖനം ചെയ്ത മഹത്ചരിത്രം ഭാവി തലമുറയ്ക്ക് കൈമാറുന്നതിനു് ഗേത്രവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം ഉൾപ്പെടെ ജില്ലയിൽ തയ്യാറാക്കുുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കേണ്ട കാലമാണ്. ഗോത്ര സമൂഹത്തിന്റെ മണ്ണും വീടും ആരോഗ്യവും വിദ്യാഭ്യാസവും ഉത്തരവാദിത്തത്തോടെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനും പൊതുസമൂഹത്തിനുമുണ്ട്. ചോർന്നൊലിക്കുന്ന വീടുകളും ചൂഷണങ്ങൾക്കിരയായും ആരോഗ്യസംരക്ഷണമുൾപ്പെടെയുള്ള വിവധ മേഖലകളില്‍ പിന്നാക്കം ജീവിക്കേണ്ടവരല്ല ഗോത്രസമൂഹം. അവർക്കായുള്ള പദ്ധതികളിൽ സംഭവിച്ച പിഴവുകൾ പരിഹരിക്കണം. അഴിമതിക്കെതിരായ പൊതുനിലപാടിനൊപ്പം ഗോത്രസമൂഹത്തിനായുള്ള പദ്ധതികളിൽ അഴിമതി നടത്തുന്നത് പൊറുക്കാനാവാത്ത അപരാധമായി കണക്കാക്കി അതിശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തുടർച്ചയായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്ന ജില്ലയാണ് വയനാട്. ജില്ലയിലെ കാലാവസ്ഥാ പ്രതിരോധ സംവിധാനത്തിന് ആക്കം കൂട്ടുന്നതിനൊപ്പം ജനങ്ങളിൽ സമ്പൂർണ ദുരന്ത സാക്ഷരത ഉറപ്പുവരുത്തുന്നതിനും നാം പ്രതിജ്ഞാബദ്ധമാണ്. ദുരന്ത സമയത്ത് ജാതി-മത-രാഷ്ട്രീയ പരിഗണനകൾക്കപ്പുറം ഒരുമിച്ച് നിൽക്കുകയും മനുഷ്യൻ ഒന്നാണെന്ന മൂല്യത്തിലൂന്നി എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുന്ന വയനാട്ടിലെ ജനത രാജ്യത്തിനൊന്നാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വതന്ത്ര്യ ദിന പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡസ്, ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലറ്റൂണുകള്‍ അണിനിരന്നു. ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഇൻസ്പെക്ടർ പി മനോജ് കുമാർ പരേഡ് കാമാന്‍ഡറായി. ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് സബ് ഇൻസ്പെക്ടർ കെ.പി അബ്ബാസ് സെക്കന്‍ഡ് ഇന്‍ കാമാന്‍ഡറായി. സ്വാതന്ത്ര്യദിനഘോഷ പരിപാടിയിൽ എം.എൽ.എ മാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, പത്മശ്രീ ചെറുവയൽ രാമൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ, എ.ഡി.എം കെ അജീഷ്, കൽപ്പറ്റ നഗര സഭാധ്യക്ഷൻ പി വിശ്വനാഥൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ, സിനിമാതാരം അബു സലീം, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

