കൽപ്പറ്റ: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങിന്റെയും വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന്റെയും സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നും
കർശന നടപടി സ്വീകരിക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.
ഏറ്റവും ഒടുവിൽ കൽപ്പറ്റ മുണ്ടേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് ക്രൂരമായി മർദിച്ചെന്ന പരാതി ഗൗരവമായി കാണണം. മർദനത്തിൽ വിദ്യാർത്ഥിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ
മാനന്തവാടി ദ്വാരക പോളിടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിലായതും, ബത്തേരി മൂലങ്കാവ് സ്കൂളിൽ ‘പരിചയപ്പെടൽ’ എന്ന പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നതാണ്.
രണ്ട് വർഷം മുൻപ് പൂക്കോട് വെറ്ററിനറി കോളേജിൽ ജെ.എസ്. സിദ്ധാർഥന്റെ ദാരുണമായ മരണം ഇന്നും തീരാത്ത നോവായി നിലനിൽക്കുകയാണ്.
വാർത്തയാകാതെ പോകുന്ന നിരവധി അക്രമങ്ങളും റാഗിങ് സംഭവങ്ങളും കാംപസുകളിൽ നടക്കുന്നുണ്ട്.
വിദ്യാർത്ഥികൾ ഭയന്നും സമ്മർദം മൂലവും പുറത്തുപറയാതെ പോകുന്ന സാഹചര്യമുണ്ടോ എന്നതും അധികൃതർ പരിശോധിക്കണം.
വിദ്യാർത്ഥികൾക്ക് ഭയമില്ലാതെ പരാതിപ്പെടാൻ കഴിയുന്ന സാഹചര്യം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉറപ്പാക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആന്റി റാഗിങ് സെല്ലുകളുടെയും കമ്മിറ്റികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കണം. ബോധവത്കരണം, നിരന്തര നിരീക്ഷണം, കൗൺസിലിങ്, രഹസ്യ പരാതി സംവിധാനം എന്നിവ ശക്തിപ്പെടുത്തുകയും പരാതികളിൽ അടിയന്തരമായി അന്വേഷണം നടത്തുകയും വേണം.
റാഗിങ്ങിനും വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിനും നേതൃത്വം നൽകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. പരാതികൾ അവഗണിക്കുന്ന സ്ഥാപന അധികൃതർക്കെതിരെയും നടപടി ഉറപ്പാക്കണം. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും ഭയരഹിതവുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും അടിയന്തര ഇടപെടൽ നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

