മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കായിക വകുപ്പ് റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമുള്ളതായതിനാൽ വകുപ്പുതല അന്വേഷണത്തിൽ ഒതുങ്ങില്ല. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ ചുമതല നൽകുക.
റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തിരെഞ്ഞെടുത്തത് എങ്ങനെ?, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നതെങ്ങനെ?, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുമതിക്കും ഉത്തരവുകൾക്കും പിന്നിലെന്ത്?, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാൻ സ്വാതന്ത്ര്യം എന്നിവയെല്ലാം അന്വേഷണത്തിൻ്റെ പരിധിയിൽ വരുത്തണമെന്നാണ് നിർദേശം. വിദേശ പണമിടപാടുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാനും സംസ്ഥാനം തീരുമാനിക്കും.

