കോഴിക്കോട്: സ്ത്രീവിരുദ്ധ പ്രസ്താവനയിലെ വിവാദങ്ങള്‍ക്കിടെ വിശദീകരണ പോസ്റ്റുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണമെന്ന് പോസ്റ്റില്‍ കാന്തപുരം പറയുന്നു. സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കാണ് പിന്നില്‍. സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനുള്ള ആരോഗ്യകരമായ വേദികളാകണമെന്നും കാന്തപുരം പറയുന്നുണ്ട്. പ്രകോപനം ഉണ്ടാക്കരുതെന്ന് പ്രവര്‍ത്തകരോട് ആഹ്വാനവും ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
'സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാന്‍. പ്രവര്‍ത്തകര്‍ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും വശംവദരാകാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്‌കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം', പോസ്റ്റില്‍ പറയുന്നു.

