രാവിലെ എഴുന്നേറ്റാല്‍ തന്നെ ക്ഷീണം. ചെറിയ ജോലികള്‍ ചെയ്താലും തളര്‍ച്ച. ഇടയ്ക്കിടെ തലചുറ്റല്‍, കൈകാലുകളില്‍ തരിപ്പ്, എന്തെങ്കിലും കാര്യം ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട്. ഇത്തരം ലക്ഷണങ്ങളെല്ലാം പല കാരണങ്ങളാലും ഉണ്ടാകാം. എന്നാല്‍ ചിലപ്പോള്‍ ഇതിന് പിന്നില്‍ ശരീരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിന്റെ കുറവായിരിക്കാം.അതാണ് വിറ്റാമിന്‍ ബി12.
ശരീരത്തിലെ രക്തകോശങ്ങളുടെയും നാഡീവ്യവസ്ഥയുടെയും ആരോഗ്യത്തിന് ബി12 പ്രധാനമാണ്. നമ്മുടെ കോശങ്ങളിലെ ജനിതക വസ്തുവായ DNA ഉണ്ടാക്കുന്നതിലും ബി12ന് പങ്കുണ്ട്. ബി12 കുറയുമ്പോള്‍ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തെ ബാധിക്കുകയും നാഡീവ്യവസ്ഥയെയും ബാധിക്കുകയും ചെയ്യാം.
എന്താണ് വൈറ്റമിന്‍ ബി12
ബി ഗ്രൂപ്പിലെ ഒരു പ്രധാന വിറ്റാമിനാണ് ബി12. ഇതിനെ കോബാലമിന്‍ (Cobalamin) എന്നും വിളിക്കുന്നു. ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണം, നാഡികളുടെ സാധാരണ പ്രവര്‍ത്തനം, DNA നിര്‍മ്മാണം എന്നിവയ്ക്ക് ശരീരത്തിന് ബി12 ആവശ്യമാണ്. അതുകൊണ്ടുതന്നെ ബി12 കുറയുമ്പോള്‍ പ്രശ്‌നങ്ങള്‍ ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കാം.
ഒരു മുതിര്‍ന്ന വ്യക്തിക്ക് സാധാരണയായി ഒരു ദിവസം ഏകദേശം 2.4 മൈക്രോഗ്രാം ബി12 ആണ് ആവശ്യമായി വരുന്നത്. അളവ് വളരെ ചെറുതാണെങ്കിലും ശരീരത്തിന് ഇതിന്റെ പ്രാധാന്യം വലുതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ആവശ്യകത കുറച്ച് കൂടുതലാണ്.i

