ആവേശം, അഭിമാനം; ഒരേ ചുവടുകളുമായി വിസ്മയം തീർത്ത് കുട്ടി പോലീസ്

Advertisement
Featured Image

- ആറ് സ്കൂളുകളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്


കൽപ്പറ്റ : പോലീസ് ബാൻഡിന്റെ ഡ്രം ബീറ്റുകളുടെ അകമ്പടിയിൽ 230-ഓളം കുട്ടി പോലീസുകാർ ഒരേ മനസായി, ഒരേ ചുവടുകളുമായി ഗ്രൗണ്ടിൽ വിസ്മയം തീർത്തപ്പോൾ അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന കാണികളിൽ ആവേശവും അഭിമാനവും വാനോളമുയർന്നു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കൽപ്പറ്റ സബ്ബ് ഡിവിഷനിലെ 6 സ്ക്കൂളുകളിൽ നിന്നുള്ള സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്. ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹർ ഐ.പി.എസ് പരേഡ് വീക്ഷിച്ച് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകൾക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. എസ്.പി.സി പരിശീലനം കുട്ടികളിൽ സ്വത്തബോധവും രാജ്യസ്നേഹവും വളർത്തുമെന്നും വിദ്യാർത്ഥികൾക്കിടയിൽ തെറ്റായ പ്രവണതകളെ പ്രതിരോധിക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഉഷ വിജയൻ മുഖ്യാതിഥിയാവുകയും കേഡറ്റുകൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, അഡീഷണൽ എസ്.പിയും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ എൻ.ആർ. ജയരാജ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, ഡി.ഡി.ഇ ശശീന്ദ്രവ്യാസ്, കൽപ്പറ്റ മുനിസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർ എം.പി നവാസ്, കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി ടി.എ അഗസ്റ്റിൻ,എ.ഡി.എൻ.ഒ കെ മോഹൻദാസ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ജി.എച്ച്.എസ്.എസ് മേപ്പാടി, തരിയോട് നിർമല എച്ച്.എസ്.എസ്, പിണങ്ങോട് ഡബ്ലിയു.ഒ.എച്ച് എസ്.എസ്, ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ, ജി.എച്ച്.എസ്.എസ് വൈത്തിരി, ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ എന്നീ സ്കൂളുകളിലെ എസ്.പി.സി കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ് ആണ് നടന്നത്. കൽപ്പറ്റ എസ്.എച്ച്.ഒ എ.യു ജയപ്രകാശ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. എസ്.എസ്.ബി എ.എസ്.ഐ എൻ ബഷീറിൻ്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ബാന്റ് സംഘം പരേഡിന് പൊലിമയേകി.


നിർമല എച്ച് എസ് സ്കൂളിലെ കേഡറ്റ് കെ എസ് ദിയ ഹാഷ്മി പരേഡ് കമാണ്ടറും ജി.വി.എച്ച്.എസ്.എസ് കല്പറ്റ യിലെ കേഡറ്റ് എം.ചിന്മയ് സെക്കൻഡ് ഇൻ കമാണ്ടറുമായി. 2010 ഓഗസ്റ്റ് രണ്ടാം തിയ്യതി 127 വിദ്യാലയങ്ങളിൽ ആരംഭിച്ച എസ്.പി.സി പദ്ധതി 16 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്താകെ 1253 സ്ക്കൂളുകളിൽ വ്യാപിച്ചു. വയനാട് ജില്ലയിൽ 45 സ്‌കൂളുകളിൽ നിലവിൽ എസ്.പി.സി പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.

Advertisement

Related News