കാൻസർ മരുന്നുകൾ ഉൾപ്പെടെ 20% വിലക്കുറവിൽ വാങ്ങാനാകും
ഡിസംബറിലെ പുതിയ ടെൻഡർ മുതൽ സമഗ്രമാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. ആശുപത്രികളിലേക്കും കാരുണ്യ ഫാർമസികളിലേക്കും മരുന്നു സംഭരിക്കാനുള്ള ടെൻഡർ നടപടികളിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കി നിർമാതാക്കളെ നേരിട്ടു പങ്കെടുപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതോടെ, കാൻസർ മരുന്നുകൾ ഉൾപ്പെടെ എല്ലാം കുറഞ്ഞത് 20% വിലക്കുറവിൽ സംഭരിക്കാനാകുമെന്നാണു പ്രതീക്ഷ.
സംസ്ഥാനത്തു വർഷം 865 ഇനം മരുന്നുകളുടെ ആവശ്യമുണ്ടെങ്കിലും ഇതു പൂർണമായും വാങ്ങാറില്ല. ഡിസംബറിൽ ആരംഭിക്കുന്ന പുതിയ ടെൻഡർ നടപടികളിലൂടെ മുഴുവൻ മരുന്നും വാങ്ങാനാണു മന്ത്രി കെ. മുരളീധരന്റെ നിർദേശം. കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്നുസംഭരണത്തിലാണ് സമഗ്രമാറ്റം കൊണ്ടുവരുന്നത്.
വിദേശനിർമിത മരുന്നുകളുടെ ടെൻഡറിൽ പങ്കെടുക്കാനുള്ള അവകാശം ആദ്യ ഇറക്കുമതിക്കാർക്കു മാത്രമായിരിക്കും. ടെൻഡർ ലഭിക്കുന്ന കമ്പനികൾ 3 സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന ബാച്ച് മരുന്നാണു കേരളത്തിലേക്കും നൽകേണ്ടത്. എല്ലാ മരുന്നുകളുടെയും ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനം ഒരു സംസ്ഥാനത്തുമില്ല. അതിനാൽ ഏതെങ്കിലും സംസ്ഥാനത്തെ പരിശോധനയിൽ മരുന്നിനു ഗുണമേന്മയില്ലെന്നു കണ്ടെത്തിയാൽ ആ കമ്പനിയെ വിലക്കുപട്ടികയിലാക്കും. നിശ്ചിത സമയത്തിനകം കമ്പനികളുടെ കുടിശിക തീർക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
എന്താണ് മെച്ചം?
* സർക്കാർ സൗജന്യമായും കുറഞ്ഞവിലയിലും നൽകുന്ന മരുന്നുകൾക്ക് ഗുണമേന്മ കൂടും.
* എല്ലാ ഇനം മരുന്നുകളും ലഭ്യമാകുന്നതോടെ ഒന്നിലധികം മേനിന് വാങ്ങേണ്ടിവരില്ല.
* മരുന്നുക്ഷാമം പൂർണമായും ഒഴിവാകും.

