മൂന്നര ലക്ഷം മതി, കേരള ബ്ലാസ്റ്റേഴ്സിന് ഇളവുമായി തദ്ദേശ മന്ത്രി; കലൂർ സ്റ്റേഡിയം അനുവദിച്ച് ഉത്തരവിറങ്ങി, ആരാധർക്ക് ആശ്വാസം

Advertisement
Featured Image

ഐഎസ്എൽ പുതിയ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങളുടെ അനിശ്ചിതത്വം അവസാനിച്ചു. ബ്ലാസ്റ്റേഴ്സിന് കലൂർ സ്റ്റേഡിയം അനുവദിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. മത്സരത്തിന് മൂന്നര ലക്ഷം രൂപ വാടക നിരക്കിലാണ് സ്റ്റേഡിയം അനുവദിച്ചത്. 25 ലക്ഷം കരുതൽ തുക നൽകണം. നേരത്തെ ജിസിഡിഎ 8-9 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്‍റ് തദ്ദേശ വകുപ്പിനെ സമീപിക്കുകയായിരുന്നു. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി ഇടപെട്ടാണ് വാടക ഇളവ് അനുവദിച്ചത്.


ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഹോം മത്സരം. സീസണിലെ ഓരോ മത്സരത്തിനും എട്ട് മുതൽ ഒൻപത് ലക്ഷം രൂപ വരെ വാടക വേണമെന്നാണ് ജിസിഡിഎയുടെ ആവശ്യം. കഴിഞ്ഞ സീസണിൽ മൂന്നര ലക്ഷം രൂപ നൽകിയിരുന്ന സ്ഥാനത്താണ് ഇത്തവണ ഇരട്ടിയിലധികം തുക ചോദിച്ചത്. സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന കൊച്ചി ഫോഴ്‌സ എഫ്‌സിക്ക് രണ്ട് ലക്ഷം രൂപ നിരക്കിലാണ് ജിസിഡിഎ സ്റ്റേഡിയം വിട്ടു നൽകിയതെന്ന് ബ്ലാസ്റ്റേഴ്‌സ് ചൂണ്ടിക്കാട്ടിയിരുന്നു.


അതുകൊണ്ട് തന്നെ ഇത്രയും വലിയ തുക നൽകാനാകില്ലെന്ന നിലപാട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് സ്വീകരിക്കുകയും ചെയ്തു. തീരുമാനം വൈകിയതിനാൽ ടിക്കറ്റ് വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണയായി ഹോം മത്സരങ്ങൾക്ക് പത്ത് ദിവസം മുമ്പെങ്കിലും ടിക്കറ്റ് വിൽപ്പന ആരംഭിക്കാറുണ്ട്.

Advertisement

Related News