നിങ്ങളുടെ മാതാപിതാക്കള്‍ക്കോ പങ്കാളിക്കോ സഹപ്രവര്‍ത്തകര്‍ക്കോ ബന്ധുക്കള്‍ക്കോ അല്ലെങ്കില്‍ ചുറ്റുമുള്ള ആര്‍ക്കെങ്കിലുമോ പെട്ടെന്ന് പക്ഷാഘാതം (സ്‌ട്രോക്ക്) ഉണ്ടായേക്കാം. രോഗി ജീവിതത്തിലേക്ക് തിരിച്ചുവരുമോ, വീണ്ടും നടക്കുമോ, ജോലിയില്‍ വീണ്ടും പ്രവേശിക്കുമോ എന്നതെല്ലാം ആദ്യത്തെ 10 മിനിറ്റിനുള്ളില്‍ നിങ്ങള്‍ എടുക്കുന്ന നിര്‍ണായക തീരുമാനത്തെ ആശ്രയിച്ചിരിക്കും. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ വൈകല്യത്തിന് കാരണമാകുന്ന രോഗങ്ങളില്‍ ഒന്നാണ് സ്‌ട്രോക്ക്/പക്ഷാഘാതം. എന്നാല്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന സത്യം എന്തെന്നാല്‍ സമയത്ത് ശരിയായ ചികിത്സ ലഭിച്ചാല്‍ പലരെയും പൂര്‍ണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയും എന്നതാണ്.
stroke
അതിന് ആദ്യം സ്‌ട്രോക്ക് ഉടനടി തിരിച്ചറിയണം
ഓര്‍ക്കൂ: BE FAST
B - Balance: പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുന്നുണ്ടോ?
E - Eyes: ഒരു കണ്ണിലോ രണ്ടുകണ്ണിലോ കാഴ്ച മങ്ങുന്നുണ്ടോ?
F - Face: മുഖം ഒരു വശത്തേക്ക് കോടിയോ?
A - Arm: ഒരു കൈ ഉയര്‍ത്താന്‍ കഴിയുന്നില്ലേ? ബലക്കുറവുണ്ടോ?
S - Speech: സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? വാക്കുകള്‍ കുഴയുന്നുണ്ടോ?
T - Time: ഒരു നിമിഷം പോലും പാഴാക്കരുത്.
ആദ്യ ശുശ്രൂഷ എന്താണ്?
പലരും കരുതുന്നത് പോലെ വീട്ടുവൈദ്യമോ, മരുന്നോ, വെള്ളമോ, കാപ്പിയോ, പഞ്ചസാരയോ അല്ല ആദ്യ ശുശ്രൂഷ.ഏറ്റവും പ്രധാനപ്പെട്ട ആദ്യ ശുശ്രൂഷ രോഗിയെ കഴിയുന്നത്ര വേഗത്തില്‍ ഒരു സമ്പൂര്‍ണ Stroke Unit ഉള്ള ആശുപത്രിയില്‍ എത്തിക്കുക എന്നതാണ്. സ്‌ട്രോക്കിനുള്ള അത്യാവശ്യ ചികിത്സ സാധാരണയായി 4½ മണിക്കൂറിനുള്ളില്‍ ആരംഭിക്കണം. ഇതില്‍ യാത്രാസമയവും, അടിയന്തര എം.ആര്‍.ഐ (Emergency MRI) ഉള്‍പ്പെടെ പക്ഷാഘാതം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ സമയവും ഉള്‍പ്പെടുന്നു.
പക്ഷേ ഓര്‍ക്കുക 'Earlier is Better.' എത്ര നേരത്തെയാകുന്നുവോ അത്രയും നല്ലത്. ഓരോ മിനിറ്റും ലക്ഷക്കണക്കിന് മസ്തിഷ്‌കകോശങ്ങള്‍ നഷ്ടപ്പെടാം. സ്‌ട്രോക്ക് സംശയിക്കുന്ന രോഗിയെ സമയം നഷ്ടപ്പെടുത്തി ചെറിയ ക്ലിനിക്കുകളിലോ സ്‌ട്രോക്ക് ചികിത്സ സൗകര്യമില്ലാത്ത ആശുപത്രികളിലോ കൊണ്ടുപോകുന്നത് ചികിത്സ വൈകിപ്പിച്ചേക്കാം. സാധ്യമെങ്കില്‍ നേരിട്ട് Stroke Unit ഉള്ള ആശുപത്രിയിലേക്കാണ് എത്തിക്കേണ്ടത്.

