ഹോർമൂസിലെ അനിശ്ചിതത്വം: ഇറാൻ ഉപാധികൾ വെച്ചതിന് പിന്നാലെ എണ്ണവിലയിൽ 1.2 ശതമാനം വർധന ; ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 1.2 ശതമാനം ഉയർന്ന് ബാരലിന് 84.58 ഡോളറിലെത്തി

Advertisement
Featured Image

അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കുകയും, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ആവശ്യങ്ങളുടെ പട്ടിക സമർപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ഞായറാഴ്ച എണ്ണയുടെ ഫ്യൂച്ചേഴ്സ് വില (ഭാവിയിലെ വിതരണത്തിനായി ഇപ്പോൾ വിപണിയിൽ നിശ്ചയിച്ചിരിക്കുന്ന വില) 1.2 ശതമാനം ഉയർന്നതായി റിപ്പോർട്ട്. 


അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 1.2 ശതമാനം ഉയർന്ന് ബാരലിന് 84.58 ഡോളറിലെത്തി. യുഎസ് ക്രൂഡിന്റെ വില 1.1 ശതമാനം ഉയർന്ന് ബാരലിന് 79.28 ഡോളറിലുമെത്തി. എണ്ണവില ഉയർന്നതിന്റെ പ്രതിഫലനം യുഎസിലെ ഇന്ധനവിലയിലും തുടരുകയാണ്. ഞായറാഴ്ച ഒരു ഗാലൻ പെട്രോളിന്റെ ദേശീയ ശരാശരി വില 4.01 ഡോളറായിരുന്നു. ഒരാഴ്ച മുമ്പത്തെ വിലയേക്കാൾ കുറവാണെങ്കിലും, യുദ്ധം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന വിലയേക്കാൾ 34.6 ശതമാനം കൂടുതലാണിതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. 


അതേസമയം ഓഹരി വിപണിയിലെ ഫ്യൂച്ചേഴ്സ് സൂചികകൾ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.ഇതിനിടെ ഇറാനുമായുള്ള ചർച്ചകൾ അധികം പ്രാധാന്യം നൽകാതെ, പരിമിതമായ രീതിയിലാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച വ്യക്തമാക്കി. 'ഞങ്ങൾ അവരുമായി ഭാഗികമായാണ് ചർച്ച നടത്തുന്നത്. ഇറാനിലെ വലിയ തോതിലുള്ള പണപ്പെരുപ്പവും അവരുടെ കൈയിൽ പണമില്ലാത്ത അവസ്ഥയും ഞങ്ങൾ നിരീക്ഷിക്കുകയാണ്' എന്നാണ് ആക്സിയോസിന് നൽകിയ ഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും സൈനികർക്ക് ശമ്പളം നൽകാൻ പോലും രാജ്യത്തിന്റെ കൈയിൽ പണമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.


എന്നാൽ അമേരിക്ക ജൂണിൽ ഉണ്ടാക്കിയ പ്രാഥമിക കരാറിലെ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ വാഷിംഗ്ടണുമായി ചർച്ച നടത്താൻ ഇറാൻ തയ്യാറല്ലെന്നാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച വ്യക്തമാക്കിയത്.ഹോർമൂസിലെ പ്രധാന ജലപാതയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ഏകദേശ ധാരണയായെന്ന് സൂചനകളുണ്ട്. ഇതിന് പിന്നാലെയാണ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് മുമ്പ് അമേരിക്ക പാലിക്കേണ്ടതായ ആറ് ആവശ്യങ്ങൾ ഇറാന്റെ ദേശീയ സുരക്ഷാ മേധാവി ശനിയാഴ്ച മുന്നോട്ടുവച്ചത്. 


ഇറാനെതിരെയും മേഖലയിലെ സഖ്യകക്ഷികൾക്കെതിരെയും നടത്തുന്ന ആക്രമണങ്ങൾ അമേരിക്ക അവസാനിപ്പിക്കുക, ഇറാന്റെ തുറമുഖങ്ങളിലെ ഉപരോധം പിൻവലിക്കുക, ഇറാനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്ന് യുഎസ് സൈനികരെ പിൻവലിക്കുക, അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നത്.


ജൂണിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായി കടലിടുക്ക് വീണ്ടും തുറക്കാൻ ധാരണയായിരുന്നെങ്കിലും ജൂലൈയിൽ വീണ്ടും പോരാട്ടം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ചത്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമൂസ് കടലിടുക്ക്. കടലിടുക്കിലൂടെ സുരക്ഷിതമായ സഞ്ചാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ ഒമാനുമായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ സുരക്ഷിതമായ സഞ്ചാരത്തിന് അനുമതി നൽകുന്നത് കടലിടുക്ക് പൂർണമായി തുറക്കുന്നതിന് തുല്യമല്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ഗൾഫ് ഓഫ് ഏഡനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും തടയുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആഗോള എണ്ണ ഒഴുക്ക് കൂടുതൽ പ്രതിസന്ധിയിലായിയിട്ടുണ്ട്. ചെങ്കടൽ തീരത്തുള്ള സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കുനേരെ ഹൂതി വിമതർ ആക്രമണം നടത്തിയതും പ്രതിസന്ധിയായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Related News