റെക്കോർഡ് നിരക്കില്‍ നിന്നും താഴേക്ക് വന്നെങ്കിലും സംസ്ഥാനത്ത ഉയർന്ന നിലയില്‍ തന്നെയാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്വർണവില മുന്നോട്ട് പോകുന്നത്. സ്വാതന്ത്രദിനമായ ഇന്നും സ്വർണവിലയില്‍ വർധനവുണ്ടായി. ഗ്രാമിന് 65 രൂപയാണ് ഇന്ന് കൂടിയത്. 14,220 രൂപയാണ് വിപണിവില. ഒരു പവന് 520 രൂപ വർധിച്ച് 1,13,760 രൂപയുമായി. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947-ൽ ഒരു പവന്‍ സ്വർണത്തിന്റെ വില എത്രയായിരിക്കുമെന്ന്.
1947 ല്‍ രാജ്യത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 8.86 രൂപമാത്രമായിരുന്നു. അതായത് പവന് 70 രൂപയോളം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെയും റിസർവ് ബാങ്കിന്റെയും കണക്കുകൾ പ്രകാരം 1947-ൽ 88.62 രൂപയായിരുന്ന 10 ഗ്രാം സ്വർണവില 2026 ഓഗസ്റ്റ് 14-ഓടെ 1,51,594.68 രൂപയായി ഉയർന്നു. അതായത് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള 79 വർഷങ്ങൾക്കിടയിൽ സ്വർണവിലയിൽ ഉണ്ടായത് ഏകദേശം 1,711 മടങ്ങിന്റെ വളർച്ചയാണ്.
1947-ൽ ഒരാൾ 1,000 രൂപയ്ക്ക് സ്വർണം വാങ്ങിയിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം ഏകദേശം 17.1 ലക്ഷം രൂപയായി മാറുമായിരുന്നു പ്രതിവർഷം ശരാശരി 9.9 ശതമാനം നിരക്കിലാണ് സ്വർണവില ഉയർന്നത്. എന്നാൽ സ്വർണവിലയുടെ ഈ വളർച്ച എല്ലായ്പ്പോഴും ഒരേ നിരക്കിലായിരുന്നില്ല. 1950-ൽ 10 ഗ്രാമിന് 99.18 രൂപയായിരുന്ന വില 1964 ആയപ്പോഴേക്കും 63.25 രൂപയായി ഇടിഞ്ഞിരുന്നു. പിന്നീട് ഘട്ടംഘട്ടമായി ഉയർന്ന വില 1970-ൽ 184.50 രൂപയിലും 1980-ൽ 1,330 രൂപയിലുമെത്തി.
2000-01 സാമ്പത്തിക വർഷത്തിൽ ശരാശരി 4,473.60 രൂപയായിരുന്ന സ്വർണം 2010-11-ൽ 19,227.08 രൂപയിലേക്കും 2020-21-ൽ 48,723.22 രൂപയിലേക്കും കുതിച്ചു. 2024-25-ൽ ശരാശരി 75,841.87 രൂപയിലെത്തിയ ശേഷമാണ് 2026-ൽ ഒന്നര ലക്ഷം രൂപയെന്ന ചരിത്രനേട്ടം കൈവരിച്ചത്.

