സ്വര്‍ണവില ഉയരുമ്പോഴും താഴുമ്പോഴും ആഭരണങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ അന്നത്തെ വിപണിവിലയ്ക്ക് തുല്യമായ തുക പഴയ ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കണമെന്നില്ല. ആഭരണത്തിലെ യഥാര്‍ഥ സ്വര്‍ണത്തിന്റെ അളവ്, പരിശുദ്ധി, മറ്റ് ലോഹങ്ങളുടെയും കല്ലുകളുടെയും സാന്നിധ്യം എന്നിവയെല്ലാം ലഭിക്കുന്ന തുകയെ സ്വാധീനിക്കും. പഴയ സ്വര്‍ണം വില്‍ക്കാന്‍ തീരുമാനിച്ചാല്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം.
സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കാതെ വില്‍ക്കരുത്
പഴയ ആഭരണങ്ങളില്‍ 22 കാരറ്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ തുടങ്ങിയവ കാരണം യഥാര്‍ഥ പരിശുദ്ധിയില്‍ വ്യത്യാസമുണ്ടാകാം. അതിനാല്‍ വില്‍ക്കുന്നതിന് മുമ്പ് സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കണം.ആഭരണത്തില്‍ ബിഐഎസ് ഹാള്‍മാര്‍ക്കും എച്ച്യുഐഡി (HUID) നമ്പറും ഉണ്ടെങ്കില്‍ BIS Care ആപ്പ് വഴി വിവരങ്ങള്‍ പരിശോധിക്കാം.
ആഭരണത്തിന്റെ ആകെ തൂക്കം മാത്രം നോക്കരുത്
ആഭരണത്തിന്റെ തൂക്കം മുഴുവനും സ്വര്‍ണത്തിന്റേതായിരിക്കണമെന്നില്ല. അതില്‍ കല്ലുകള്‍, മുത്തുകള്‍, മറ്റ് ലോഹഭാഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ അവയുടെ തൂക്കം കുറച്ച ശേഷമായിരിക്കും സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുക. ഉദാഹരണത്തിന് 20 ഗ്രാം തൂക്കമുള്ള ഒരു മാലയില്‍ രണ്ട് ഗ്രാം കല്ലുകളുണ്ടെങ്കില്‍ യഥാര്‍ഥ സ്വര്‍ണത്തിന്റെ തൂക്കം 18 ഗ്രാം മാത്രമായിരിക്കാം. അതിനാല്‍ ആഭരണത്തിന്റെ ആകെ തൂക്കവും സ്വര്‍ണത്തിന്റെ നെറ്റ് തൂക്കവും പ്രത്യേകം ചോദിച്ചറിയണം.
Image
ഒരു ജ്വല്ലറിയിലെ വില മാത്രം സ്വീകരിക്കരുത്
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഒരു കട നല്‍കുന്ന വിലയ്ക്ക് കൊടുക്കാന്‍ സമ്മതിക്കേണ്ടതില്ല. രണ്ട് മൂന്ന് ജ്വല്ലറികളിലെങ്കിലും വില അന്വേഷിക്കുന്നത് നല്ലതാണ്. ഒരേ ആഭരണത്തിന് വിവിധ കടകളില്‍ ലഭിക്കുന്ന തുകയില്‍ വ്യത്യാസമുണ്ടാകാം. ഓരോ കടയും സ്വര്‍ണത്തിന്റെ പരിശുദ്ധി, തൂക്കം, ഗ്രാമിന് നല്‍കുന്ന വില, മറ്റ് കുറവുകള്‍ എന്നിവ എങ്ങനെ കണക്കാക്കുന്നു എന്ന് ചോദിച്ചറിയുക. സാധ്യമെങ്കില്‍ വിലനിര്‍ണയത്തിന്റെ വിശദാംശങ്ങള്‍ എഴുതി വാങ്ങുകയും ചെയ്യാം.
പണിക്കൂലിയും നികുതിയും തിരികെ ലഭിക്കുമെന്ന് കരുതരുത്
പുതിയ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമേ പണിക്കൂലിയും നികുതിയും നല്‍കേണ്ടിവരും. എന്നാല്‍ പഴയ ആഭരണം വില്‍ക്കുമ്പോള്‍ സാധാരണയായി ഈ തുകകള്‍ തിരികെ ലഭിക്കില്ല. അതുകൊണ്ട് ആഭരണം വാങ്ങിയപ്പോള്‍ നല്‍കിയ മുഴുവന്‍ തുകയും വില്‍ക്കുമ്പോള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. വാങ്ങിയ ബില്ലിലെ തുകയും ഇപ്പോള്‍ ലഭിക്കുന്ന തുകയും താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം.
ജ്വലറികള്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കരുത്
പഴയ സ്വര്‍ണം വാങ്ങുമ്പോള്‍ ഉരുക്കുന്നതിന്റെയോ ശുദ്ധീകരിക്കുന്നതിന്റെയോ ചെലവുകള്‍ പറഞ്ഞ് ചില ജ്വല്ലറികള്‍ തുക കുറച്ചേക്കാം. ഇത്തരം കുറവുകള്‍ എല്ലായ്‌പ്പോഴും അന്യായമാണെന്ന് പറയാനാകില്ല. എന്നാല്‍ എന്തിനാണ് പണം കുറയ്ക്കുന്നതെന്നും എത്രയാണ് കുറയ്ക്കുന്നതെന്നും വ്യക്തമായി ചോദിച്ചറിയണം. സ്വര്‍ണത്തിന്റെ പരിശുദ്ധിയും തൂക്കവും കണക്കാക്കിയ ശേഷം വീണ്ടും അതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തുക കുറയ്ക്കുന്നുണ്ടോ എന്നും പരിശോധിക്കുക. മറ്റൊരു ജ്വല്ലറിയുടെ അഭിപ്രായം തേടുന്നതും നന്നായിരിക്കും.

