ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റ് അർജന്‍റീന കിരീടം കൈവിട്ടെങ്കിലും, മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ കായികലോകം സാക്ഷ്യം വഹിച്ചത് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പിംഗ് പ്രകടനത്തിന്. തിരമാലകള്‍ പോലെ ഒന്നിന് പുറകെ ഒന്നായി ആഞ്ഞടിച്ച സ്പാനിഷ് പടയുടെ ആക്രമണങ്ങൾക്ക് മുന്നിൽ 120 മിനിറ്റോളം ഒരു മനുഷ്യമതിലായി നിലകൊണ്ട അർജന്‍റീനൻ ഗോൾകീപ്പർ എമിലിയാനോ 'ഡിബു' മാർട്ടിനസ് ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കി. മത്സരത്തിൽ അവിശ്വസനീയമായ 11 സേവുകളാണ് മാര്‍ട്ടിനെസ് നടത്തിയത്.
ഫിഫ 1966-ൽ ഔദ്യോഗികമായി മത്സര റെക്കോര്‍ഡുള്‍ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം, ഒരു ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. ടൂര്‍ണമെന്‍റിലാകെ 10 സേവുകള്‍ മാത്രം നടത്തിയ സ്പെയിനിന്‍റെ ഉനായ് സിമോണ്‍ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ മാത്രം എമിലിയാനോ നടത്തിയത് 11 സേവുകളായിരുന്നു.

