മനുഷ്യനെ സംബന്ധിച്ചിടത്തോളം 40 വയസ് ഒരു ജൈവശാസ്ത്രപരമായ വഴിത്തിരിവായിട്ടാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. സാധാരണയുള്ള ശീലങ്ങളില്‍നിന്ന് വ്യത്യസ്തമായി ശരീരത്തിന് കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട സമയവും കൂടിയാണ് 40 വയസ് മുതലുള്ള കാലം. സ്ത്രീകളിലേതുപോലെ തന്നെ ഈ ഘട്ടത്തിലാണ് പുരുഷന്മാരുടെ ശരീരത്തിലും ധാരാളം മാറ്റങ്ങള്‍ വരുന്നത്. ഇക്കാലത്ത് അവരില്‍ മെറ്റബോളിസം മാറാന്‍ തുടങ്ങുന്നു. ഹോര്‍മോണുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു.
വര്‍ഷങ്ങളായി തുടര്‍ന്നുവന്ന ജീവിതശൈലിയില്‍ നിന്നുണ്ടായ മാറ്റങ്ങള്‍ ശരീരത്തില്‍ കാണാന്‍ തുടങ്ങുന്നു. അക്കാലമത്രയും പല രോഗങ്ങളുടെയും ലക്ഷണം തിരിച്ചറിയാന്‍ കഴിയാതെ വരുന്നതുകൊണ്ടുതന്നെ 40വയസിന് ശേഷം പുരുഷന്മാര്‍ ചില ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതാണ്.
ഹൃദയാരോഗ്യം
ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണെന്നതാണ്. എന്നാല്‍ വര്‍ഷങ്ങളായി ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുകയും മറ്റും ചെയ്താണ് ഹൃദ്രോഗം വികസിക്കുന്നത്.
ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഗവേഷണങ്ങള്‍ കാണിക്കുന്നത് ഇന്ത്യയിലെ മുതിര്‍ന്നവരില്‍ മരണത്തിന്റെ പ്രധാന കാരണമായി ഹൃദയസംബന്ധമായി അസുഖങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നാണ്. പ്രത്യേകിച്ച് നഗര പ്രദേശങ്ങളില്‍ ജീവിക്കുന്ന പുരുഷന്മാരില്‍.പുരുഷന്മാര്‍ക്ക് 50 വയസ്സ് എത്തുമ്പോള്‍ ഹൃദയ സംബന്ധമായ ഫിറ്റ്നസ് വളരെ പ്രധാനമാണ്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഇന്ത്യക്കാര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഒരു സമ്പൂര്‍ണ ലിപിഡ് പ്രൊഫൈല്‍
ടെസ്റ്റ് മൊത്തം കൊളസ്ട്രോള്‍, എല്‍ഡിഎല്‍ ('മോശം' കൊളസ്‌ട്രോള്‍),എച്ച്ഡിഎല്‍('നല്ല' കൊളസ്ട്രോള്‍) ട്രൈഗ്ലിസറൈഡുകള്‍ എന്നിവ അളക്കുന്നു. പതിവ് സമ്മര്‍ദ്ദ പരിശോധനയ്ക്കൊപ്പം ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുന്നതിന് മുന്‍പ് തന്നെ ഈ പരിശോധനകള്‍വഴി മുന്നറിയിപ്പ് ലക്ഷണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നു.

