5,000 രൂപ വീതം പിഴ; റോഡിലും നടപ്പാതയിലും ബോര്‍ഡും ബാനറും സ്ഥാപിക്കുന്നതിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍

Advertisement
Featured Image

റോഡിലും നടപ്പാതയിലും, ബോര്‍ഡും ബാനറും സ്ഥാപിക്കുന്നതിന് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാര്‍. അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോര്‍ഡിനും ബാനറിനും 5,000 രൂപ വീതം പിഴ ചുമത്തും. ബോര്‍ഡും, ബാനറുകളും നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും കുടുങ്ങും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഇളവുണ്ടാകില്ല. ആവശ്യമെങ്കില്‍ എഫ്‌ഐആര്‍ വരെ രജിസ്റ്റര്‍ ചെയ്യാം.


പൊതുസ്ഥലങ്ങളിലെ ബോര്‍ഡ് പ്രദര്‍ശനത്തിന് കടിഞ്ഞാണിടുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്‍ട്രല്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ അനധികൃതമായി ബോര്‍ഡോ ബാനറോ കൊടിതോരണമോ സ്ഥാപിക്കാന്‍ പാടില്ല. അങ്ങനെ സ്ഥാപിച്ചാല്‍ ഓരോന്നിനും ഇനി 5,000 രൂപ പിഴ ഈടാക്കും. നീക്കം ചെയ്യാനുള്ള ചെലവും ഉത്തരവാദികളില്‍ നിന്ന് തന്നെ ഈടാക്കും.


അനധികൃത ബോര്‍ഡ് നീക്കം ചെയ്യാതിരുന്നാലോ, പിഴ ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയാലോ, ഉത്തരവാദിത്തം തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടേതായിരിക്കും. വീഴ്ച വരുത്തിയാല്‍ ഈടാക്കാനുള്ള തുക സെക്രട്ടറിമാരില്‍ നിന്ന് തന്നെ വ്യക്തിപരമായി ഈടാക്കും. രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ സ്ഥാപിച്ച ബോര്‍ഡുകള്‍ക്കും ഇളവില്ല. നീക്കം ചെയ്യാന്‍ പൊലീസ് സഹായം തേടാം. ആവശ്യമെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം.

Advertisement

Related News