കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും വിമർശനമുയർന്നു. പൊതുസമൂഹം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രത ഉണ്ടായില്ല. രണ്ടാം പിണറായി സർക്കാർ ആദ്യത്തേതിന്റെ നിഴൽ മാത്രമെന്നും അംഗങ്ങൾ വിമർശിക്കുന്നു. എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത ജില്ലാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിക്കെതിരെ സ്വന്തം ജില്ലാകമ്മിറ്റി അംഗങ്ങൾ തന്നെ വിമർശനം ഉയർത്തിയത്.
സമീപകാലത്തൊന്നുമില്ലാത്ത രീതിയിലുള്ള വലിയ വിമർശനമാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്നുവന്നത്. നേതാക്കളുടെ തെറ്റായ സമീപനമാണ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണമായത്. ഇവരുടെ പ്രതികരണങ്ങളാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയതെന്നും കമ്മിറ്റി വിലയിരുത്തി. നവകേരള സദസിനെതിരെ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് പറഞ്ഞ് ന്യായീകരിച്ചതും വലിയ തിരിച്ചടിയുണ്ടാക്കി.
മൈക്ക് വിവാദവും വിപരീത ഫലമാണ് ഉണ്ടാക്കിയത്. എം വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്റർമാർക്ക് ക്ലാസ് എടുത്ത സംഭവവും കമ്മിറ്റിയിൽ ചർച്ചയായി. പലകാര്യങ്ങളും പൊതുസമൂഹം കാണുന്നുണ്ടെന്ന ജാഗ്രത പാർട്ടി നേതാക്കൾക്ക് ഉണ്ടായില്ലെന്നും അംഗങ്ങൾ പറഞ്ഞു.