തിരുവനന്തപുരം : ക്രെഡിറ്റ് ലൈൻ വായ്പ കെണിയിൽ പെടുന്നവർ പെരുകുന്നു. ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇൗടും രേഖ സമർപ്പണവും ഇല്ലാതെ വായ്പ ലഭ്യമാക്കുമെന്നതിനാൽ പലരും ആവശ്യമില്ലാതെ പോലും വായ്പ എടുക്കുന്നു. തിരിച്ചടവിൽ വീഴ്ച വരുന്നതോടെ കാര്യങ്ങൾ തകിടം മറിയും. ഒരു വായ്പയുടെ കടം വീട്ടാൻ വീണ്ടും ആദ്യം മാർഗ്ഗത്തിൽ വായ്പയെടുത്ത് കുടുങ്ങുകയാണ് പലരും.
മൊബൈലിലൂടെയും മറ്റും നിരന്തരം സന്ദേശം അയച്ചാണ് ആളുകളെ വീഴ്ത്തുന്നത്. ഫിനാൻഷ്യൽ ടെക്നോളജി കമ്പനികളാണ് പിന്നിൽ. യോയോ കേഷ്,സ്പീഡി റുപ്പി, ക്രേസി റുപ്പി, ഗോൾഡ് റോൾ, റുപ്പി ടോപ്പ്, വി റുപ്പി , മണി ട്രാപ്പ്, ലോൺ ടാപ്പ്, ലേസി പേ, സെറ്റ് മണി തുടങ്ങി നിരവധി ആപ്പുകൾ ഉണ്ട്.
ആപ്പ് ഗൂഗിൾ പ്ലേയിൽ നിന്ന് ഡൗൺലോഡ് ചെയ്തിട്ട് പേര് അടക്കമുള്ള അടിസ്ഥാന വിവരങ്ങൾ നൽകണം. അപേക്ഷകന്‍റെ ബാങ്ക് വിവരങ്ങൾ പരിശോധിച്ച് നിമിഷങ്ങൾക്കകം വായ്പ അക്കൗണ്ടിലെത്തും. കൃത്യമായി തിരിച്ചടച്ചാൽ കൂടുതൽ വായ്പയ്ക്ക് അർഹരാണെന്ന് അറിയിപ്പും വരും. തിരിച്ചടച്ചില്ലെങ്കിൽ വൻ തുക പിഴ ചുമത്തും. 2000 രൂപ വായ്പ എടുത്താൽ 1800 രൂപയാണ് കിട്ടുക. ഏഴുദിവസത്തിനകം തിരിച്ചടക്കണം. വീഴ്ചവരുത്തിയാൽ 50 ശതമാനം വരെയാകും പിഴ. ഒരു ആപ്പിലെ കടംവീട്ടാൻ പലരും മറ്റൊരു ആപ്പിൽ നിന്ന് കടം വാങ്ങുകയാണ് പതിവ്. തിരിച്ചടവ് മുടങ്ങിയാൽ ഫോട്ടോ ഉൾപ്പെടെ ഇന്റർനെറ്റിൽ തട്ടിപ്പുകാരൻ എന്ന് മുദ്രകുത്തി പ്രചാരണം നടത്തും. ഇത് ഗുണ്ടാ ആക്രമണം വരെഎത്തും. നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കാതെയാണ് പലരും, ക്രെഡിറ്റ് ലൈൻ വായ്പയിൽ ചെന്ന് വീഴുന്നത്. രക്ഷിതാക്കൾ അറിയാതെ നിരവധി യുവജനങ്ങൾ ഊരാക്കുടുക്കിൽ ആയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങി.