രാജ്യത്തെ ഉയർന്ന ജനസാന്ദ്രതയുള്ള ഇടനാഴികളിലും ദേശീയ പാതകളിലും അഡ്വാൻസ്‍ഡ് ട്രാഫിക് മാനേജ്‌മെൻ്റ് സിസ്റ്റം (എടിഎംഎസ്) നടപ്പിലാക്കിക്കൊണ്ട് ഇന്ത്യാ ഗവൺമെൻ്റ് രാജ്യവ്യാപകമായി റോഡ് സുരക്ഷാ ശ്രമങ്ങൾ ശക്തമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2019ലെ മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) ആക്ട് അനുസരിച്ചാണ് ഈ നടപടി. നിർണായക മേഖലകളിൽ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഇലക്ട്രോണിക് നിരീക്ഷണ, എൻഫോഴ്‌സ്‌മെൻ്റ് ഉപകരണങ്ങളുടെ ഉപയോഗം ഈ നിയമം നിർബന്ധമാക്കുന്നു. സാങ്കേതിക മുന്നേറ്റങ്ങളിലൂടെ റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയുടെ നിർദ്ദേശ പ്രകാരമാണ് ഈ നീക്കമെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ-സംസ്ഥാന പാതകളിലും നിശ്ചിത ജനസംഖ്യാ പരിധിയുള്ള നഗരപ്രദേശങ്ങളിലും സ്പീഡ് ക്യാമറകൾ, സിസിടിവി ക്യാമറകൾ, സ്പീഡ് ഗണ്ണുകൾ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) സംവിധാനങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് എൻഫോഴ്സ്മെൻ്റ് ഉപകരണങ്ങൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് 2019 ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്ന ഈ നിയമം വ്യക്തമാക്കുന്നു. ഇതിനെത്തുടർന്ന്, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം 2021 ഓഗസ്റ്റിൽ ഉയർന്ന അപകടസാധ്യതയുള്ളതും ഉയർന്ന സാന്ദ്രതയുള്ളതുമായ ഇടനാഴികളെ ലക്ഷ്യമിട്ട് പ്രത്യേക നിയമങ്ങൾ പുറപ്പെടുവിച്ചിരുന്നു.