പുതുക്കാട് തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതിന് പിന്നില്‍ സംശയരോഗമെന്ന് സൂചന. തലോർ പൊറത്തൂക്കാരൻ വീട്ടില്‍ ജോജു (50)വാണ് ഭാര്യ ലിൻജുവിനെ (36) വെട്ടി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ വീടിന്റെ ടെറസിന് മുകളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഒന്നര വർഷം മുമ്ബ് വിവാഹിതരായ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.
ബ്യൂട്ടീഷ്യനാണ് ഇടുക്കി സ്വദേശിനിയായ ലിൻജു. യുവതിയടെ മൂന്നാം വിവാഹമായിരുന്നു ജോജുവുമായി. തലോരില്‍ വർക്ക്‌ഷോപ്പ് നടത്തുന്ന ജോജുവിന്റെ രണ്ടാം വിവാഹവും. ഇരുവർക്കും മുൻ വിവാഹ ബന്ധങ്ങളില്‍ മക്കളുണ്ട്. ജോജുവിന്റെ ആദ്യ വിവാഹത്തിലെ കുട്ടി ആദ്യ ഭാര്യയ്ക്കൊപ്പമാണ് താമസിക്കുന്നത്. ലിൻജുവിന്റെ രണ്ട് മക്കളാണ് ഇവർക്കൊപ്പം കഴിയുന്നത്. കുട്ടികള്‍ സ്കൂളില്‍ പോയ സമയത്തായിരുന്നു ജോജു ക്രൂരകൃത്യം ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. വെട്ടേറ്റ ലിൻജുവിന്റെ അലർച്ച കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ച നിലയിലായിരുന്നു. കഴുത്തിലും മുഖത്തും വെട്ടുകത്തികൊണ്ടുള്ള വെട്ടേറ്റ യുവതിയുടെ ചെവി വേർപ്പെട്ട നിലയിലായിരുന്നു.
ഇരുവരും തമ്മില്‍ വഴക്കും പൊലീസില്‍ പരാതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് രണ്ടു പേരെയും വിളിച്ച് രമ്യതയിലാക്കുകയും കൗണ്‍സലിംഗിന് അയയ്ക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും മൊഴിയെടുത്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.