തിരുവനന്തപുരം: കോവിഡാനന്തര രോഗലക്ഷണങ്ങളെപ്പറ്റിയുള്ള ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി. സാധാരണ രോഗബാധയ്ക്കുശേഷം മൂന്നാഴ്ചയോളം ശാരീരിക അവശതയുണ്ടാകാറുണ്ട്. അതിനുശേഷവും രോഗാവസ്ഥ ഉണ്ടെങ്കിൽ പോസ്റ്റ് കോവിഡ് അക്യൂട്ട് സിൻഡ്രോമാകാം. ചില സന്ദർഭങ്ങളിൽ മൂന്നു മാസത്തിനുശേഷവും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകും. ക്രോണിക് സിൻഡ്രോം എന്നാണ് ഇതിനെ പറയുന്നത്. ഈ രോഗാവസ്ഥകൾ വരുംദിവസങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ കോവിഡാനന്തരം ആരോഗ്യപ്രശ്‌നമുള്ളവർ വിശ്രമിക്കണം.
ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ പോസ്റ്റ് കോവിഡ് ക്ലിനിക്കിൽനിന്ന് ചികിത്സ തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ലക്ഷണമുണ്ടെങ്കിൽ ചികിത്സ തേടാനും പരിശോധന നടത്താനും നിർദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.