സ്ഥിരമായി ജിമ്മിൽ പോവുകയും, ഡയറ്റ് നോക്കി ശരീരം പരിപാലിക്കുകയും ചെയ്യുന്നവരുടെയുമെല്ലാം ഭക്ഷണത്തിലെ പ്രധാനഘടകം പ്രൊട്ടീൻ ആയിരിക്കും. ശരീരത്തിലെ പ്രൊട്ടീനിന്റെ അളവ് കൂട്ടാൻ പ്രത്യേക ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുന്നവരുമുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷമാണ് എന്ന് പറയുന്നത് പോലെ, ശരീരത്തിൽ പ്രൊട്ടീൻ അധികമായി എത്തിയാലും പ്രശ്‌നങ്ങളുണ്ടാകും.
ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതമായ ഘടകമാണ് പ്രൊട്ടീൻ എന്നത് ശരി തന്നെ. രോഗപ്രതിരോധ പ്രവർത്തനം, എൻസൈം പ്രവർത്തനം തുടങ്ങിയ വിവിധ ശാരീരിക പ്രക്രിയകളിലും പ്രൊട്ടീൻ അത്യന്താപേക്ഷിതമാണ്. എന്നാൽ അമിതമായ പ്രൊട്ടീൻ ഉപയോഗം ശരീരത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് നോക്കാം.
എല്ലുകളുടെ ആരോഗ്യ പ്രശ്നങ്ങൾ
അമിതമായ പ്രൊട്ടീൻ കാത്സ്യം പുറന്തള്ളപ്പെടുന്നത് വർദ്ധിപ്പിക്കും, ഇത് ദീർഘകാലം തുടരുന്നത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. എല്ലുകളുടെ പ്രധാനഘടകമാണ് കാത്സ്യം. കാത്സ്യക്കുറവ് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും, അതിനാലാണ് കാത്സ്യക്കുറവ് ഉണ്ടാകുമ്പോൾ പല്ലു പൊട്ടിപ്പോകുന്നതും, ദന്തരോഗങ്ങൾ ഉണ്ടാകുന്നതും.
ശരീരഭാരം വർധിക്കുക
പ്രൊട്ടീൻ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. മൊത്തത്തിലുള്ള കലോറി ഉപഭോഗം കൂടാനും ഇത് കാരണമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
പോഷകങ്ങളുടെ അസന്തുലിതാവസ്ഥ
അമിതമായ പ്രൊട്ടീൻ കഴിക്കുന്നത് മറ്റ് പോഷകങ്ങളുടെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ പോഷകങ്ങൾ നഷ്ടപ്പെടുന്നത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. അതിനാൽ വൈവിധ്യമാർന്ന ഭക്ഷണ സ്രോതസ്സുകൾ ഉൾപ്പെടുന്ന സമീകൃതാഹാരം നിലനിർത്തുക. പ്രൊട്ടീനോടൊപ്പം മറ്റ് പോഷകങ്ങളും ശരീരത്തിൽ എത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക പ്രധാനമാണ്.
നിർജ്ജലീകരണം
ഉയർന്ന പ്രൊട്ടീനിൻറെ ഉപയോഗം ജലത്തിന്‍റെ ശരീരത്തിലെ ആവശ്യകത വർദ്ധിപ്പിക്കും. ധാരാളം വെള്ളം കുടിക്കുകയും, ജലാംശമുള്ള ഭക്ഷണം കഴിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിർജ്ജലീകരണത്തിലേയ്ക്ക് നയിച്ചേക്കാം. അതിനാൽ പ്രൊട്ടീനിന്റെ കാര്യത്തിൽ കാണിക്കുന്ന അതേ ശ്രദ്ധയോടെ വെള്ളം കുടിക്കാനും ശ്രമിക്കുക.
ഹൃദ്രോഗ സാധ്യത
റെഡ് മീറ്റുകളിലെ അമിത പ്രൊട്ടീൻ ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബീഫ് പോലുള്ള റെഡ് മീറ്റുകൾ പരിധിയിലധികം കഴിക്കുന്നത് കുറയ്ക്കുക