വാട്സ്ആപ്പ് വഴി നടക്കുന്ന ജോലി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പേരിൽ ‘വർക്ക് ഫ്രം ഹോം’ ജോലി അവസരങ്ങളാണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ വഴി വാഗ്ദാനം ചെയ്യുന്നത്. പലരും ഈ തട്ടിപ്പിൽ വീണുപോയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ജോലി നഷ്ടപ്പെട്ട് പുതിയ ജോലി അന്വേഷിക്കുന്ന കൂടുതൽ ആളുകൾ ഇത്തരമൊരു ചതിക്കുഴിയിൽ വീഴാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പൊലീസിന്‍റെ മുന്നറിയിപ്പ്.
വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന തട്ടിപ്പ് സന്ദേശങ്ങൾ കൂടി പങ്കു വച്ചു കൊണ്ടാണ് കേരള പൊലീസ് എഫ്ബി പോസ്റ്റിലൂടെ ‘ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ ഓഫർ’ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നത്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലാണ് ഇത്തരം മെസേജുകൾ എത്തുന്നത്. അവർ തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വിലപ്പെട്ട പല ഡാറ്റകളും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാമെന്നാണ് പറയുന്നത്. തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുന്നതിനൊപ്പം വാട്‍സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.