രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. ഫിഷിംഗ് ലിങ്കുകള്‍ , വ്യാജ ഡെലിവറികള്‍, വ്യാജ ബാങ്കിങ് അലേര്‍ട്ടുകള്‍ എന്നിവയിലൂടെയാണ് തട്ടിപ്പുകാര്‍ കൂടുതലായും ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി ഭാരതി എയര്‍ടെല്‍ ഒരുക്കുന്ന സംവിധാനമാണ് AI അധിഷ്ഠിതമായ ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം (Airtel Fraud Detection Solution) . പുതിയ ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം ഉപയോഗിച്ച് 35 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ 16 ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കിയതായി കമ്പനി അറിയിക്കുന്നു.
വളരെയധികം കൃത്യത അവകാശപ്പെടുന്നതാണ് ഭാരതി എയര്‍ടെല്‍ ന്റെ AI അധിഷ്ഠിത ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം. എല്ലാ എയര്‍ടെല്‍ മൊബൈല്‍ , ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനക്ഷമമാകുന്ന ഈ നൂതന സംവിധാനം എസ്എംഎസ് , വാട്‌സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം, ഇ-മെയില്‍, മറ്റ് ബ്രൗസറുകള്‍ എന്നിവയിലെ ലിങ്കുകള്‍ സ്‌കാന്‍ ചെയ്യുകയും ഫില്‍റ്റര്‍ ചെയ്യുകയും ചെയ്യുന്നു.
റിയല്‍ടൈം ത്രെട്ട് ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രതിദിനം 10 ലക്ഷത്തിലധികം URL കള്‍ പരിശോധിക്കുകയും 100 മില്ലി സെക്കന്റിനുളളില്‍ ഹാനികരമായ സൈറ്റുകളിലേക്ക് ഉപഭോക്താക്കളുടെ പ്രവേശനം തടയുകയും ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ടെല്‍ ഫ്രോഡ് ഡിറ്റക്ഷന്‍ സൊല്യൂഷന്‍ പ്ലാറ്റ്‌ഫോമിലൂടെ മലയാളം ഉള്‍പ്പെടെ പല ഭാഷകളില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കാനും സാധിക്കും.