പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് വീണ്ടും മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കുന്നത് പോലെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ള ആദിത്യ ശ്രീവാസ്തവയുടെ പേര് മാസങ്ങൾക്ക് മുമ്പ് തിരുത്തിയതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തെളിവുകൾ ശരിയെങ്കിൽ പ്രതിജ്ഞാപത്രത്തിൽ ഒപ്പിട്ട് രേഖാമൂലം പരാതി നൽകാൻ രാഹുൽ തയ്യാറാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യദ്രോഹം നടത്തുന്നുവെന്ന് ഇന്ന് പുറത്തു വിട്ട വിഡിയോയിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ബിഹാറിലെ എഫ്ഐആറിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നൽകാൻ രാഹുൽ കാത്തിരിക്കുകയാണെന്ന് കമ്മീഷൻ വൃത്തങ്ങൾ തിരിച്ചടിക്കുകയും ചെയ്തു. രാഹുൽ ഗാന്ധി രേഖാമൂലം പരാതി നല്കിയില്ലെങ്കിൽ മാപ്പു പറയണമെന്നും രാഹുൽ നേരിട്ട് ഒരു വിഷയത്തിലും ഇതുവരെ നേരിട്ട് പരാതി നല്കിയിട്ടില്ലെന്നും കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിറക്കിയത്.