ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ പ്രധാന തെളിവായി കണക്കാക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്ര പരിശോധന വേണ്ടിവരുമെന്നും സുപ്രീം കോടതി വാക്കാല്‍ പറഞ്ഞു. ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കപില്‍ സിബലാണ് പരാതിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
‘ആധാറിനെ പൗരത്വത്തിന്റെ നിര്‍ണായക തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് ശരിയാണ്. അത് പരിശോധിക്കേണ്ടതുണ്ട്’ ജസ്റ്റിസ് സൂര്യകാന്ത് കപില്‍ സിബലിനോട് പറഞ്ഞു. വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് ചോദ്യമെന്നും അവര്‍ക്ക് അധികാരമില്ലെങ്കില്‍ എല്ലാം അവസാനിക്കും, അവര്‍ക്ക് അധികാരമുണ്ടെങ്കില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങള്‍ വലിയതോതില്‍ വോട്ടര്‍മാരെ ഒഴിവാക്കുന്നതിന് കാരണമാകുമെന്ന് കപില്‍ സിബല്‍ വാദിച്ചു. ‘ആവശ്യമായ ഫോമുകള്‍ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ ഒഴിവാക്കപ്പെടും. 2003-ലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ പോലും വീണ്ടും പുതിയ ഫോമുകള്‍ പൂരിപ്പിക്കേണ്ടതായി വരും. താമസസ്ഥലം മാറിയിട്ടില്ലെങ്കില്‍പോലും അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാകുന്ന സ്ഥിതിവരും’- കപില്‍ സിബല്‍ പറഞ്ഞു. 7.24 കോടി ജനങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റയുണ്ട് എന്നാല്‍ കൃത്യമായ അന്വേഷണം നടത്താതെ 65 ലക്ഷത്തിലധികം പേരെ ഒഴിവാക്കിയിട്ടുണ്ടെന്നും സിബല്‍ ആരോപിച്ചു.
എന്നാല്‍, 65 ലക്ഷം എന്ന കണക്കില്‍ എങ്ങനെയാണ് എത്തിയതെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയാണോ അതോ അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണോ ആ കണത്തിലേക്ക് എത്തിയെന്നാണ് കോടതി ചോദിച്ചത്.