കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുമ്പോൾ സമരങ്ങളിൽ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തം. പീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നല്കി കൊച്ചി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്മാന്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധപ്രകടനം നടക്കുന്നുണ്ട്. സമരക്കാർ അതിരുകടക്കുമ്പോൾ ജലപീരങ്കിയാണ് പൊലീസിൻ്റെ പ്രാധാന പ്രതിരോധ മാർഗം. ശക്തമായി വെള്ളം ചീറ്റുമ്പോൾ മൂക്കിൽ ക്കൂടി ഇത് കയറാനുള്ള സാധ്യത കൂടുതലാണ്. പൊലീസ് ക്യാമ്പുകളിലെ കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നുമാണ് പീരങ്കിയിലേക്ക് സാധാരണ വെള്ളം നിറയ്ക്കുക. അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുമ്പോൾ സമരക്കാരെ നേരിടാൻ ചെളിവെള്ളം നിറയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് കൊച്ചിയിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്മാന് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നല്കി. സമരം ചെയ്യുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണ് തന്റെ ഇടപെടലെന്നാണ് സല്മാൻ പറയുന്നത്.