ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മഴക്കാലത്ത് സ്വീകരിച്ച മുൻകരുതൽ നടപടികളിലും തയ്യാറെടുപ്പുകളിലും വയനാട് ജില്ല മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി.
കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോര്‍ഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മിറ്റിയിൽ (ദിശ) സംസാരിക്കുകയായിരുന്നു എംപി.
കാലാവസ്ഥ മൂലം സമാനമായ സാഹചര്യങ്ങൾ നേരിടുന്ന ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങൾക്ക് വയനാട്ടിൽ നിന്ന് പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ എംപി, ഇത്തവണ മഴക്കാല അപകടം മൂലം ഒരു ജീവൻ പോലും പൊലിയാതെ കാത്തതിന് ജനപ്രതിനിധികളെയും ജില്ലാ കളക്ടര്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു.
ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതിയും അനുബന്ധമായി നടപ്പാക്കാവുന്ന പദ്ധതികളുടെ സാധ്യതയും യോഗം വിലയിരുത്തി. പട്ടികവര്‍ഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ ഗുണഭോക്താക്കളുടെ ആവശ്യവും ജീവിത രീതികളും തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി രൂപകൽപന ചെയ്യണമെന്ന് എംപി നിര്‍ദേശം നൽകി. “കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് പട്ടികവർഗ വിഭാഗത്തിന്റെ പ്രകൃതിയ്ക്ക് അനുസൃതമായുള്ള ജീവിതരീതി നമ്മുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്,” പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
വിവിധ പദ്ധതികളിൽ കേന്ദ്ര ഫണ്ട് ലഭ്യമാവാത്തതു മൂലമുള്ള പ്രതിസന്ധി ഉദ്യോഗസ്ഥര്‍ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന് മുന്നിൽ ഉന്നയിക്കുമെന്ന് അവര്‍ പറഞ്ഞു. ജനങ്ങളിൽ നിന്ന് വിവിധ മേഖലകളിൽ ലഭിച്ച പരാതികൾ എംപി ഉദ്യോഗസ്ഥര്‍ക്ക് മുന്നിൽ ഉന്നയിച്ചു.
മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾ, മനുഷ്യ-വന്യമൃഗ സംഘര്‍ഷം, പട്ടികവർഗ വിഭാഗത്തിന്റെ ആരോഗ്യ പ്രശ്നം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായും ചുരത്തിലെ മണ്ണിടിച്ചിൽ ഉൾപ്പെടെ മറ്റ് പ്രശ്നങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിൻ ഗഡ്കരിയുമായും ചര്‍ച്ച ചെയ്തെന്ന് എംപി അറിയിച്ചു. പ്രദേശവാസികളുടെ അഭിപ്രായം പരിഗണിച്ച് ചൂരൽമലയിലെ ബെയിലി പാലത്തിലെ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ അവര്‍ സന്തുഷ്ടി രേഖപ്പെടുത്തി. ദേശസാൽകൃത ബാങ്കുകളിൽ ദുരന്തബാധിതരുടെ ലോൺ എഴുതിത്തള്ളുന്ന വിഷയം ലോക്സഭയിൽ ഉന്നയിച്ചു.
പദ്ധതികളുടെ പുരോഗതിയും ഇനി പൂര്‍ത്തിയാക്കാനുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഉദ്യോഗസ്ഥര്‍ യോഗത്തിൽ വിശദീകരിച്ചു. കല്പറ്റ ജനറൽ ആശുപത്രിയ്ക്ക് ക്രിട്ടിക്കൽ കെയർ കെട്ടിടം പണിയാൻ എൽസ്റ്റൺ എസ്റ്റേറ്റിൽ ഭൂമി കണ്ടെത്തി മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. ഇനി മന്ത്രിസഭയുടെ അനുമതി തേടണം. വെള്ളമുണ്ട-മോതക്കര റോഡ് പ്രവൃത്തി അടുത്ത മാസം പൂർത്തിയാകും.
രാജ്യത്തെ ആസ്പിരേഷണൽ ജില്ലകളിൽ വയനാടിന്റെ റാങ്ക് 112 ൽ നിന്ന് 10 ആയി ഉയർന്നത് എംപി പ്രശംസിച്ചു. എല്ലാം വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കിയ കല്പറ്റ നഗരസഭയെയും അഭിനന്ദിച്ചു. 2025-26 വർഷം എംപിലാഡ്സ് പദ്ധതിയിൽ ജില്ലയിൽ 17 പ്രൊപ്പോസൽ നൽകിയതിൽ 23 ലക്ഷം രൂപയുടെ ഒരു പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
ദേശീയ ആരോഗ്യ ദൗത്യം, ദേശീയപാത അതോറിറ്റി, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രത്യേക ചര്‍ച്ചയും എംപിയുടെ അധ്യക്ഷതയിൽ നടന്നു. എംഎൽഎമാരായ ടി സിദ്ധിഖ്, ഐസി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്പറ്റ നഗരസഭ അധ്യക്ഷൻ ടി ജെ ഐസക്, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, ദിശ കൺവീനര്‍ കൂടിയായ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.