കല്‍പ്പറ്റ: മില്‍മയുടെ മില്‍ക്ക് കണ്ടന്‍സിംങ്ങ് പ്ലാന്റ് വയനാട് കല്‍പ്പറ്റയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തെ പാലുത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുന്നതില്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചതെന്ന് മന്ത്രി പറഞ്ഞു കഴിഞ്ഞ 30 വര്‍ഷമായി ഈ മേഖലയില്‍ മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനം പ്രശംസനാര്‍ഹമാണ്്. 50,000 ലിറ്റര്‍ പാല്‍ സംഭരണത്തിന്‍ നിന്നു തുടങ്ങിയ മലബാര്‍ മേഖലാ യൂണിയന്‍ ഇന്ന് ഏഴര ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം ശേഖരിക്കുന്നതെന്നും 18 രാജ്യങ്ങളിലേക്ക് മില്‍മയുടെ ഉത്പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എ.കെ. ശശീന്ദ്രന്‍ എം.എല്‍എ അധ്യക്ഷത വഹിച്ചു. മില്‍മ മുന്‍ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പിനെ ചടങ്ങില്‍ എംഎല്‍എ ആദരിച്ചു. മില്‍മ ഡിലൈറ്റ് പ്ലസ് പാലും എംഎല്‍എ വിപണിയിലിറക്കി. മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മില്‍മ ഡീലര്‍മാര്‍ക്കുള്ള ധനസഹായ വിതരണവും മില്‍മ ലൈറ്റ് യുഎച്ച്ടി മില്‍ക്കിന്റെ വിപണിയിലറക്കില്‍ ചടങ്ങും കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. എംആര്‍ഡിഎഫ് ധനസഹായ വിതരണം ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ മിനി രീവീന്ദ്രദാസ് നിര്‍വഹിച്ചു. എന്‍പിഡിസി ധനസഹായ വിതരണം കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത നിര്‍വഹിച്ചു. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതിയംഗം ടി.കെ. ഗോപി, വാര്‍ഡ് കൗണ്‍സിലര്‍ പി. വിനോദ് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മില്‍മ മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്.മണി സ്വാഗതവും മാനെജിംഗ് ഡയറക്ടര്‍ കെ.എം. വിജയരാഘവന്‍ നന്ദിയും പറഞ്ഞു.
അഞ്ച് കോടി രൂപ ചെലവഴിച്ചാണ് മില്‍മ വയനാട് ഡെയറിയില്‍ മില്‍ക്ക് കണ്ടന്‍സിംങ്ങ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. 3000 ലിറ്റര്‍ പ്രതിമണിക്കൂര്‍ ശേഷിയുള്ളതാണ് പ്ലാന്റ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന (RKVP) പദ്ധിയില്‍ നിന്ന് 3.1 കോടി രൂപയും ശേഷിക്കുന്ന തുക മില്‍മയുടെ മൂലധന ബഡ്ജറ്റില്‍ നിന്നും സ്വരൂപിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. വയനാട് ജില്ലയില്‍ പാല്‍ ഉത്പാദനം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന മുഴുവന്‍ പാലും വിറ്റഴിക്കാന്‍ സാധിക്കുന്നില്ല. മില്‍മ അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിന് കണ്ടന്‍സിംങ്ങ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പരിഹാരമാകും. അധികം വരുന്ന പാലിലെ ജലാംശം ബാഷ്പീകരിച്ച് സൂക്ഷിക്കുന്ന രീതിയാണിത്. പാലിലെ ജലാംശം കളഞ്ഞ് 40 ശതമാനാമായി ചുരുക്കി സംഭരിക്കാന്‍ ഇതു വഴി കഴിയും. മിച്ച വരുന്ന പാല്‍ ഇത്തരത്തില്‍ സംസ്‌കരച്ച് മറ്റ് ഡെയറികളിലേക്ക് മാറ്റുമ്പോള്‍ കടത്തുകൂലിയിനത്തിലും ഏറെ ലാഭമുണ്ടാകും. ഇത്തരത്തില്‍ സംഭരിക്കുന്ന പാല്‍ പിന്നീട് വില്‍പ്പനക്കായുള്ള സാധാരണ പാലാക്കി മാറ്റാനും സാധിക്കും. മില്‍മയുടെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളായ പേഡ, പാലട എന്നിവയുടെ നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിന് കണ്ടന്‍സിങ്ങ് പ്ലാന്റിന്റെ പ്രവര്‍ത്തനം സഹായിക്കും.