പത്തനംതിട്ട: കുമ്പഴയിൽ മർദനമേറ്റ പെൺകുട്ടി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി കനകയുടെ മകളായ അഞ്ച് വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനായ അലക്സിനെ(23) പോലീസ് കസ്റ്റഡിയിലെടുത്തു.
നാല് മാസം മുമ്പാണ് കനകയും അലക്സും കുമ്പഴയിലെ വാടകവീട്ടിൽ താമസം ആരംഭിച്ചത്. കഴിഞ്ഞ ഏഴ് വർഷമായി പത്തനംതിട്ടയിലെ വിവിധയിടങ്ങളിലായി വീട്ടുജോലി ചെയ്തുവരികയാണ് കനക. ഇതിനിടെയാണ് അലക്സിനൊപ്പം താമസം തുടങ്ങിയത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കനക ചലനമറ്റനിലയിൽ കിടക്കുന്ന മകളെയാണ് കണ്ടത്. അലക്സിനോട് കാര്യം തിരക്കിയപ്പോൾ ഇയാൾ കനകയെ മർദിച്ചു. തുടർന്ന് സമീപവാസിയുടെ സഹായത്തോടെ കുട്ടിയെ ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് ജനറൽ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി അലക്സ് കുട്ടിയെ മർദിച്ചിരുന്നതായി കനക പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ പാടുകളുമുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.