കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രോഗം ബാധിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ കാണപ്പെടുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് മൂലം രോഗ ലക്ഷണങ്ങളിലും പ്രകടമായ മാറ്റമാണ് ഉളളത്.
ചെറുപ്പക്കാരിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രോഗ വ്യാപനം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുളളതിനാല്‍ വരുന്ന നാല് ആഴ്ച്ചകള്‍ നിര്‍ണ്ണായകമാണ്. ഈ ഘട്ടത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തുന്നതോടൊപ്പം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ വാക്‌സിനേഷന്‍ നടപടികള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ട്. അര്‍ഹരായ ജനവിഭാഗങ്ങളില്‍ 38 ശതമാനം പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
നാല്‍പത്തിയഞ്ച് വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
വെള്ളി, ശനി ദിവസങ്ങളിലായി 6500 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുളള ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുളളത്.
ജില്ലയില്‍ മതിയായ അളവില്‍ വാക്‌സിന്‍ സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുപ്പതിനായിരത്തോളം വാക്‌സിനുകള്‍ നിലവില്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്.
അഞ്ച് ദിവസത്തേക്ക് കൂടി വാക്‌സിന്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിനുകള്‍ എത്തുമെന്നും അവര്‍ പറഞ്ഞു.