കൽപറ്റ: ഇന്ത്യയിലെ ബയോമെഡിക്കൽ എൻജിനീയർമാരുടെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ “ബയോമെഡിക്കൽ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യ (BMESI)”യുടെ ദേശീയ ജോയിന്റ് സെക്രട്ടറി ആയി വയനാട് മീനങ്ങാടി സ്വദേശിയായ സരുൺ മാണി തിരഞ്ഞെടുക്കപ്പെട്ടു. കർണാടകയിലെ മണിപ്പാൽ യൂണിവേഴ്സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ബി.എം.ഇ.എസ്.ഐ. യുടെ ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളി ആണ് ഇദ്ദേഹം.
കേരളത്തിലെ ബയോമെഡിക്കൽ എഞ്ചിനീയർമാരുടെ സംഘടനയായ ബയോമെഡിക്കൽ എഞ്ചിനീയഴ്സ് ആൻറ് ടെക്‌നീഷ്യൻസ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡണ്ടാണ് എൽ എൽ ബി ബിരുദധാരി കൂടിയായ അദ്ദേഹം. നിരവധി ദേശീയ – അന്തർദേശീയ ജേർണലുകളിൽ എഡിറ്റോറിയൽ ബോർഡ് അംഗമായും നിരൂപകനുമായും പ്രവർത്തിച്ചു വരുന്നു. ബയോമെഡിക്കൽ എഞ്ചിനീയറിംഗ് മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ദി ഇൻസ്റ്റിറ്റ്യുഷൻ ഓഫ് എഞ്ചിനീയഴ്‌സ് ഇന്ത്യയുടെ ചാർട്ടേർഡ് എഞ്ചിനീയർ ബഹുമതി, യങ്ങ് സയന്റിസ്റ്റ് അവാർഡ്, യങ്ങ് എഞ്ചിനീയർ അവാർഡ്, യങ്ങ് അച്ചീവർ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2023 വരെയാണ് കാലാവധി. 2019-21 കാലത്തെ ഭരണസമിതിയിൽ ദേശീയ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.