ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ ഒരിക്കല്‍ കൂടി ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് മുംബൈ ഇന്ത്യന്‍സിന്‍റെ ഹീറോയിസം. സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് തോല്‍പിച്ചു. മുംബൈയുടെ 150 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് മൂന്ന് വീതം വിക്കറ്റ് നേടിയ ബോള്‍ട്ട്-ചാഹര്‍ സഖ്യത്തിന്‍റെ ആക്രമണത്തില്‍ 19.4 ഓവറില്‍ 137 റണ്‍സില്‍ പുറത്തായി. സ്‌കോര്‍- മുംബൈ:150/5 (20), ഹൈദരാബാദ് 137 (19.4).
ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിലും തോല്‍വിയായി ഡേവിഡ് വാര്‍ണറുടേയും സംഘത്തിന്‍റേയും വിധി. ജയത്തോടെ മുംബൈ പട്ടികയില്‍ തലപ്പത്ത് എത്തിയപ്പോള്‍ ഹൈദരാബാദ് അവസാന സ്ഥാനക്കാരാണ്.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങി മികച്ച തുടക്കത്തിന് ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്‌ടമായ മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സാണ് നേടിയത്. ഭുവിയുടെ അവസാന ഓവറില്‍ പൊള്ളാര്‍ഡിന്‍റെ രണ്ട് സിക്‌സര്‍ സഹിതം പിറന്ന 17 റണ്‍സാണ് മുംബൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ തകര്‍പ്പന്‍ തുടക്കം കിട്ടിയിട്ടും വീണ്ടും തോല്‍വി വഴങ്ങുകയായിരുന്നു ഹൈദരാബാദ്. വിജയ് ശങ്കറിന്‍റെ ഓള്‍റൗണ്ട് മികവും രക്ഷയ്‌ക്കെത്തിയില്ല