കോവിഡ് വാക്സിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. ആർക്കെല്ലാം വാക്സിൻ സ്വീകരിക്കാം, ആർക്കെല്ലാം സ്വീകരിക്കാൻ പാടില്ല, വാക്സിൻ സ്വീകരിച്ചതിനു ശേഷം എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്നീ കാര്യങ്ങളിൽ പലർക്കും ഇപ്പോഴും സംശയമുണ്ട് എന്നാണ് ചർച്ചകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന ഒരു ചർച്ച, കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷമുള്ള ലൈംഗിക ബന്ധം സുരക്ഷിതമാണോ എന്നതാണ്.
ആരോഗ്യ മന്ത്രാലയം ഇതേക്കുറിച്ച് ഔദ്യോഗിക മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, രണ്ടാമത്തെ ഡോസ് ലഭിച്ച ശേഷം പുരുഷന്മാരും സ്ത്രീകളും ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് മെഡിക്കൽ വിദഗ്ധർ നിർദ്ദേശിക്കുന്നു.
“SARS-CoV2 ഒരു പുതിയ വൈറസാണ്, ഇത് നിർവീര്യമാക്കുന്നതിനായി വാക്സിൻ വികസിപ്പിച്ചെടുത്തു. എന്നിരുന്നാലും, വാക്സിന് ദീർഘകാല പാർശ്വഫലങ്ങൾ ഉണ്ടോ എന്നും ലൈംഗിക ബന്ധത്തിലേർപ്പെടുകയാണെങ്കിൽ അവ പുരുഷനെയും സ്ത്രീയെയും ബാധിക്കുമോ എന്നും ഇത്ര നേരത്തേ പറയാനാകില്ല,” ഗാസിയാബാദിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡോ. ദീപക് വർമ്മ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിൽ, “പ്രതിരോധമാണ് ഏറ്റവും മികച്ച സുരക്ഷ” എന്ന് ഡോക്ടർ പറഞ്ഞു. രണ്ടാമത്തെ ഡോസ് ലഭിച്ചതിന് ശേഷം പുരുഷന്മാരും സ്ത്രീകളും കുറഞ്ഞത് 2 മുതൽ 3 ആഴ്ച വരെ കോണ്ടം പോലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.
“വാക്സിനുകൾ നമ്മെ എങ്ങനെ ബാധിക്കുമെന്നറിയില്ല, അതിനാൽ കോണ്ടം ഉപയോഗിക്കുന്നത് ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ പ്രതിരോധമായിരിക്കും,” വാക്‌സിനേഷന് അർഹരായ സ്ത്രീകൾ കുത്തിവയ്പ് നടത്തുന്നതിന് മുമ്പ് ഗൈനക്കോളജിസ്റ്റുമായി ബന്ധപ്പെടണമെന്നും അദ്ദേഹം ഉപദേശിച്ചു.