കണ്ണൂർ: ചീട്ടു കളിക്കാൻ പോകുന്നതിന് ഇ-പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥിയെ പൊലീസ് പൊക്കി. ലോക്ക് ഡൗൺ കാലത്ത് അത്യാവശ്യമായി പുറത്തിറങ്ങുന്നവർക്കു വേണ്ടി തയ്യാറാക്കിയ ഇ-പാസ് സംവിധാനത്തെ തമാശയായി കണ്ടാണ് യുവാവ് അപേക്ഷ നൽകിയത്.
കണ്ണൂർ ജില്ലയിലെ പട്ടുവം സ്വദേശിയായ 24കാരനാണ് റമ്മി കളിക്കാൻ കൂട്ടുകാരന്റെ വീട്ടിൽ പോകാൻ പാസിനായി അപേക്ഷിച്ചത്. എന്നാൽ, വിചിത്രമായ ആവശ്യം കണ്ടതോടെ പൊലീസ് ഞെട്ടി. ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നും വിവരം കൈമാറിയതോടെ തളിപ്പറമ്പ് പൊലീസ് യുവാവിനെ കണ്ടെത്തി. പട്ടുവം അരിയിൽ സ്വദേശിയായ 24കാരൻ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്.
ഇൻസ്പെക്ടർ വി. ജയകുമാർ ഇയാളെ കർശനമായി താക്കീത് ചെയ്ത് വിട്ടയച്ചു. കോവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ അത്യാവശ്യം കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവരെ സഹായിക്കാൻ തയ്യാറായ സംവിധാനത്തെ പരിഹസിക്കുന്ന നടപടി ഒഴിവാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. സുഹൃത്തുക്കളുടെ വീട്ടിൽ ചീട്ടു കളിക്കാൻ പോകണം എന്നുള്ള ആവശ്യങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.