പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോ ക്ലോണൽ ആൻറി ബോഡി നൽകി.
യുവതിയുടെ 7 വയസുകാരി മകൾ ഉൾപ്പെടെ രണ്ടു കുട്ടികൾക്ക് പനി ബാധിച്ചു. 3 പേർ ഇതുവരെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. ഇവരിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ സാമ്പിൾ ഫലം നെഗറ്റീവാണ്. പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2 കുട്ടികൾ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. 2 പേരുടേയും സാമ്പിൾ പരിശോധന ഫലം ഉടൻ ലഭിക്കും. 173 പേരാണ് രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്ക പട്ടികയിലുള്ളത്. മുഴുവൻ പേരും ഹോം ക്വാറൻ്റൈനിൽ തുടരുകയാണെന്നും കളക്ടർ വിശദീകരിച്ചു.
ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. മെഡിക്കൽ കോളേജ് ഡോക്ടർമാർ ജില്ലയിലെ പ്രധാന സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പിലെ മേധാവികൾ ഉൾപ്പെടുന്ന 26 അംഗ കമ്മിറ്റി പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിട്ടുണ്ട്. മരുന്നുകൾ, പിപിഇ കിറ്റ് മറ്റ് അവശ്യവസ്തുക്കളുടെ സ്‌റ്റോക്ക് വിലയിരുത്തിയിട്ടുണ്ട്. 40 ബെഡുകൾ ഉൾപ്പെടുന്ന ഐസോലേഷൻ യൂണിറ്റ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിട്ടുണ്ട്.