ദിസ്പുര്‍: അസമിലെ നാഗാവ് ജില്ലയില്‍ പതിനെട്ട് ആനകളെ ഇടിമിന്നലേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജീവന്‍ നഷ്ടമായ നിലയില്‍ ആനകളെ കണ്ടെത്തിയത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് ദാരുണസംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇടിമിന്നലില്‍ നിന്നുണ്ടായ വൈദ്യുതപ്രവാഹമാണ് ആനകളുടെ ജീവന്‍ കവര്‍ന്നതെന്നാണ് പ്രാഥമികനിഗമനമെന്ന് സംസ്ഥാന വനംവകുപ്പ് സൂചന നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കൃത്യമായ കാരണത്തെ കുറിച്ചും കൂടുതല്‍ ആനകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്ന കാര്യവും വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാവൂ എന്നും വനം വകുപ്പ് അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
നാഗാവ് ഫോറസ്റ്റ് ഡിവിഷനിലെ കണ്ടോലി സംരക്ഷിത വനമേഖലയിലാണ് അപകടമുണ്ടായത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ സ്ഥലത്തെത്തിയതെന്നും ആനകളുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനയച്ചതായും വനം വകുപ്പുദ്യോഗസ്ഥന്‍ അറിയിച്ചു. പതിനാല് ആനകളെ ഒരു കുന്നിന്റെ മുകളിലും നാലെണ്ണത്തിനെ കുന്നിന്‍ചുവട്ടിലുമാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അമിത് സഹായി വ്യക്തമാക്കി.
സംഭവം ഹൃദയഭേദകമാണെന്ന് സംസ്ഥാന പരിസ്ഥിതി-വനം മന്ത്രി പരിമള്‍ ശുക്ലബൈദ്യ പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ക്കൊപ്പം വെള്ളിയാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.