പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ മനയത്ത് വീട്ടിൽ ജാനകി(92)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായി ആയിരുന്ന മയിൽസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കിടപ്പു മുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
കൊലപാതകത്തിന് ശേഷം പ്രതി കത്ത് എഴുതി വീടിന്റെ പലഭാഗത്തായി വെച്ചിരുന്നു. മഴ പെയ്താൽ നനയാതിരിക്കാൻ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് കത്തുകൾ വെച്ചിരുന്നത്.
മയിൽസ്വാമി സംസാരശേഷിയില്ലാത്ത ആളാണ്. കൊലപാതകം നടത്തിയെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നുമാണ് കത്തിൽ എഴുതിയിരുന്നത്.
കൊലപാതക വിവരം മയിൽസ്വാമി പേപ്പറിൽ എഴുതി പത്രത്തിനൊപ്പം അയൽവീട്ടിൽ നൽകുകയായിരുന്നു. ജാനകിയെ കൊലപ്പെടുത്തിയെന്നാണ് പേപ്പറിൽ എഴുതിയിരുന്നത്. കത്ത് കണ്ടവരാണ് പോലീസിൽ വിവരമറിയിച്ചത്.
രാവിലെ എട്ട് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. ജില്ലാപോലീസ് മേധാവി കെജി സൈമൺ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.