പുതിയ വാഹനം ആദ്യമായി ഓടിക്കുമ്പോള്‍ ടയറിന് താഴെയായി നാരങ്ങ വച്ച് വാഹനം ഓടിച്ചുതുടങ്ങുന്ന ഒരു പതിവ് പലരുടെയും വിശ്വാസത്തിന്‍റെ ഭാഗമാണ്. അത്തരമൊരു ചടങ്ങിന്‍റെ പിന്നിലെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടില്ലേ. ഇതിന് പ്രധാനമായും ഉത്തരങ്ങൾ നൽകുന്നത് നേരത്തേ പറഞ്ഞതുപോലെ ഒരു ചില വിശ്വാസങ്ങളാണ്. പുതിയ ഒരു വസ്തുവാങ്ങുമ്പോൾ അതിനെ നാരങ്ങയും പച്ചമുളകും വച്ച് ആരാധിക്കുന്ന ഒരു രീതി പണ്ടു മുതലേ ചിലർക്കുണ്ട്. നമ്മുടെ പുരോഗതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ദൃഷ്ടി ദോഷങ്ങളിൽ നിന്നും രക്ഷനേടാനാണ് ഇതെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇതിന്റെ ഭാഗമായാണ് പുതിയ വണ്ടികൾ വാങ്ങുമ്പോൾ ടയറിനടിയിൽ നാരങ്ങ വയ്ക്കുന്ന രീതി ചിലർ പിന്തുടരുന്നത്.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജ്യോതിശാസ്ത്രത്തിൽ ശുക്രനും ചന്ദ്രനുമായി നാരങ്ങയ്ക്ക് ബന്ധമുണ്ടെന്നാണ് പറയുന്നത്. നാരങ്ങ ശുക്രനുമായും നാരാങ്ങാനീര് ചന്ദ്രനുമായുമാണത്രേ ബന്ധപ്പെട്ടിരിക്കുന്നത്. നാരങ്ങ നെഗറ്റിവിറ്റി ഇല്ലാതാക്കുമെന്ന വിശ്വാസത്തിൽ ഇത് പിന്തുടരുന്നവരുമുണ്ട്. പുതിയതായി വാങ്ങുന്ന എന്തു സാധനവുമാകട്ടെ അതിന് ചുറ്റും നെഗറ്റിവിറ്റി ഉണ്ടെന്നാണ് ഗ്രന്ഥങ്ങൾ പറയുന്നതത്രേ. ഇത്തരം കാര്യങ്ങളെ ഒഴിവാക്കാൻ ഇതിന് സമീപത്തായി നാരങ്ങാ സൂക്ഷിക്കും. അതുകൊണ്ട് പുതിയ വാഹനത്തിൽ യാത്ര തുടങ്ങുമ്പോൾ എല്ലാ ദൃഷ്ടിദോഷങ്ങളിൽ നിന്നും രക്ഷ ലഭിക്കാൻ ടയറിനടിയിൽ നാരങ്ങ വയ്ക്കുന്നത് നല്ലതെന്നാണ് വിശ്വാസികള്‍ കരുതുന്നത്.