തിരുവനന്തപുരം: ബിജെപി വൻ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ പരിഗണനയിൽ. വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെയാണ് കൂടുതൽ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കും പുറമേ സംസ്ഥാന ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി കരമന അജിത്തിന്റെയും വി ജി ഗിരികുമാറിന്റെയും പേരുകളാണ് ചർച്ചയിലുള്ളത്.
പ്രഥമ പരിഗണന വി വി രാജേഷിനാണെങ്കിലും ഇതിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. രാജേഷ് അല്ലെങ്കിൽ ഗിരികുമാറിനെ പരിഗണിക്കണമെന്നാണ് ആർഎസ്എസ് നിലപാട്. ജനകീയനെന്ന നിലയിൽ കരമന അജിത് വേണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മൂന്നാം തവണയാണ് അജിത്ത് കൗൺസിലിലേക്ക് എത്തുന്നത്. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോൾ കൗൺസിൽ യോഗങ്ങളിൽ ശക്തമായ വാദങ്ങളുന്നയിച്ചിട്ടുള്ളയാളാണ് അജിത്ത്. അജിത്തിന്റെ ഇടപെടൽ മുൻ ഭരണസമിതിയെ പ്രതിസന്ധിയിലും ആക്കിയിരുന്നു.
അതേസമയം, മേയറും ഡെപ്യൂട്ടി മേയറും വനിതകളാകുന്നതിൽ ഭൂരിഭാഗത്തിനും എതിർപ്പുണ്ട്. ഡെപ്യൂട്ടി മേയറിൽ ജി എസ് മഞ്ജുവും സിമി ജ്യോതിഷുമാണ് പരിഗണനയിലുള്ളത്. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.








