ചൈന ലോകത്തെ ചാരക്കണ്ണുകളിലൂടെ നീരീക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ലോകത്തെ കാല്‍ക്കോടിയോളം പേര്‍ ചൈനയുടെ നിരീക്ഷണത്തിലാണ്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും. പതിനായിരത്തോളം ഇന്ത്യക്കാരാണത്രേ ചെനയുടെ നിരീക്ഷണത്തിലുള്ളത്. ചൈനീസ് കമ്പനിയായ സെന്‍ഹുവയാണ് പ്രൊഫൈലുകള്‍ തയ്യാറാക്കുന്നത്.
സെന്‍ഹുവയുടെ ഡാറ്റബേസ് ചൈനീസ് സര്‍ക്കാരിനും സൈന്യത്തിനും ഉപയോഗിക്കുന്നതിനായാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ രണ്ടരലക്ഷത്തോളം പേരുടെ വിവരങ്ങള്‍ പുറത്തായതോടെയാണ് ഈ വാര്‍ത്ത പുറംലോകം അറിയുന്നത്. സൈന്യത്തെ കുറിച്ചും രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടുകള്‍ വരെ സജീവ നിരീക്ഷണത്തിലാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഒരു വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവരുടെ പക്കലുണ്ടാകും. അതായത്, ജനന തിയതി, അഡ്രസ്, വിവാഹിതനാണോ എന്ന വിവരം, ഫോട്ടോകള്‍, രാഷ്ട്രീയ ചായ്‌വ്, ബന്ധു ജനങ്ങള്‍, സോഷ്യല്‍ മീഡിയാ ഐഡികള്‍ തുടങ്ങിയവയെല്ലാം ശേഖരിക്കുന്നു. ട്വിറ്റര്‍, ഫെയ്‌സ്ബുക്, ലിങ്ക്ട്ഇന്‍ തുടങ്ങിയവ മുതല്‍ ടിക്‌ടോക്ക് വരെയുള്ള ആപ്പുകളിലുടെ വരുന്ന വിവരങ്ങളും ശേഖരിക്കും. ഒരു വ്യക്തിയുടെ വളര്‍ച്ചയെ ഇവര്‍ കൃത്യമായി വിലയിരുത്തുന്നു.
ഇന്ത്യക്കാരെക്കൂടാതെ 52,000 അമേരിക്കക്കാര്‍, 35,000 ഓസ്‌ട്രേലിയക്കാര്‍, 9,700 ബ്രിട്ടിഷുകാര്‍, 5,000 കാനഡക്കാര്‍, 2,100 ഇന്തൊനീഷ്യക്കാര്‍, 1,400 മലേഷ്യക്കാര്‍, 138 പാപ്പുവ ന്യൂഗിനിയക്കാര്‍, 793 ന്യൂസീലന്‍ഡുകാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.