4,000 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍; ടെലികോം വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മുകേഷ് അംബാനിയുടെ മറ്റൊരു വെടിക്കെട്ട്.
ടെലികോം വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മറ്റൊരു വെടിക്കെട്ടുമായി മുകേഷ് അംബാനി. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 4,000 രൂപയുടെ 200 ദശലക്ഷം സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് മുകേഷ് അംബാനിയുടെ കമ്പനി. വിലകുറഞ്ഞ ഈ ഫോണുകള്‍ ജിയോയില്‍ നിന്ന് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ ഉപയോഗിച്ച് വിപണനം ചെയ്യാനാണ് പദ്ധതി. ഇതിനായി ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രാദേശിക വിതരണക്കാരോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഗൂഗിളിന്റെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഫോണിന്റെ ഒരു പതിപ്പ് നിര്‍മ്മിക്കാന്‍ റിലയന്‍സ് ആഭ്യന്തര അസംബ്ലര്‍മാരുമായി ചര്‍ച്ച നടത്തുകയാണ്.
വയര്‍ലെസ് സേവനങ്ങളില്‍ ചെയ്തതു പോലെ രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തെ റീമേക്ക് ചെയ്യുകയാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. പ്രാദേശിക അസംബ്ലര്‍മാരായ ഡിക്സണ്‍ ടെക്നോളജീസ് ഇന്ത്യ, ലാവ ഇന്റര്‍നാഷണല്‍, കാര്‍ബണ്‍ മൊബൈല്‍സ് എന്നിവയുമായി ചേര്‍ന്നാണ് ഫോണുകള്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ് ഒരുങ്ങുന്നത്.