എല്ലാ ഭക്ഷ്യ വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും വില അടുത്തയാഴ്ച കുറയാൻ സാധ്യത. സിമൻ്റ് വില കുറയ്ക്കുന്നതും അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ചർച്ച ചെയ്യും. ലൈഫ് ഇൻഷുറൻസിനും, മെഡിക്കൽ ഇൻഷുറൻസിനുമുള്ള ജിഎസ്ടി എടുത്തു കളയാനും സാധ്യതയുണ്ട്.
ദീപാവലിക്ക് മുമ്പ് ജിഎസ്ടി നിരക്കുകളിൽ വൻ ഇളവ് പ്രതീക്ഷിക്കാം എന്നാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പ്രഖ്യാപിച്ചത്. എന്നാൽ ജിഎസ്ടിയിലെ അനിശ്ചിതത്വം ഉത്സവ വിപണിയെ ബാധിച്ചു എന്നാണ് ധനമന്ത്രാലയം വിലയിരുത്തുന്നത്. ഉപഭോക്താക്കൾ വിലക്കുറവിനായി കാത്തിരിക്കുന്ന സാഹചര്യം ഈ സമയത്ത് വിപണിയെ ബാധിക്കും. അതിനാൽ ജിഎസ്ടി നിരക്കുകൾ 5, 18 എന്നീ രണ്ട് സ്ലാബുകളിലായി ചുരുക്കാനുള്ള നിർദ്ദേശം സെപ്തംബർ 3,4 തീയതികളിൽ നടക്കുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യും. നിരക്കുകളിലെ മാറ്റം അടുത്തയാഴ്ച തന്നെ പ്രഖ്യാപിക്കാനാണ് ആലോചന. നിലവിൽ ഭക്ഷ്യ ധാന്യങ്ങൾക്ക് ജിഎസ്ടി ഇല്ല. പാക്കറ്റിലാക്കിയ ഭക്ഷണ സാമഗ്രികൾക്ക് എന്നാൽ അഞ്ച് ശതമാനവും 12 ശതമാനവും ജിഎസ്ടി ഈടാക്കുന്നുണ്ട്. ഇവയെല്ലാം അഞ്ച് ശതമാനമാക്കി ഏകീകരിച്ചേക്കും. തുണിത്തരങ്ങൾക്ക് പല സ്ലാബിലാണ് ജിഎസ്ടി നിലവിൽ ഈടാക്കുന്നത്. 1000 രൂപയ്ക്ക് മുകളിലാണ് വിലയെങ്കിൽ 12 ശതമാനമാണ് ജിഎസ്ടി.
ടെക്സ്റ്റൈൽസ് ഉൽപന്നങ്ങളുടെ ജിഎസ്ടിയും 5 ശതമാനമായി ഏകീകരിച്ചേക്കും. സിമൻ്റിന് 28 ശതമാനം ജിഎസ്ടി എന്നത് 18 ശതമാനമായി കുറച്ചേക്കും. ചെറിയ കാറുകളുടെ ജിഎസ്ടി 28ൽ നിന്ന് 18 ശതമാനമാകും. എസ്‍യുവികൾ അടക്കം വലിയ കാറുകൾക്ക് 50ൽ നിന്ന് 40 ശതമാനം എന്ന ഏകീകൃത നിരക്ക് ഈടാക്കാനാണ് ആലോചന. ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവയുടെ 18 ശതമാനം ജിഎസ്ടി പൂർണ്ണമായും എടുത്തുകളയണം എന്ന നിർദ്ദേശവും കൗൺസിലിന് മുമ്പാകെയുണ്ട്. ഉത്സവ സീസണിൽ കൂടുതൽ വില്ക്കുന്നവയുടെ ജിഎസ്ടി നിരക്കുകളാകും ഇപ്പോൾ ചർച്ച ചെയ്യുക.