41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ ടെക്നിക്കൽ ഹൈസ്കൂളാണ് കായിക മേളയ്ക്ക് ആതിഥേയത്വം വഹിച്ചത്.
സംസ്ഥാനത്തെ 42 സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളുകളിലെ ആയിരത്തിലധികം പ്രതിഭകളാണ് കായിക മാമാങ്കത്തിൽ മാറ്റുരച്ചത്. 58 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. പാലക്കാട് ഷൊർണ്ണൂർ ടെക്നിക്കൽ ഹൈസ്കൂൾ 58 പോയിന്റോടെ രണ്ടാം സ്ഥാനവും ചിറ്റൂർ ഗവ. ടെക്നിക്കൽ ഹൈ സ്കൂൾ 49 പോയിന്റുകളുമായി മൂന്നാം സ്ഥാനവും നേടി.
കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ അധ്യക്ഷനായ സമാപന പരിപാടിയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ്, ഇന്ത്യൻ ഫുട്ബോൾ താരം കെ.ടി ചാക്കോ, മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ടി.പി മനോജ്, സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ആർ.എസ് സജിത്ത്, നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് എം. ദിലീപ്, മാനന്തവാടി ഗവ ടെക്നിക്കൽ ഹൈസ്കൂൾ പി.ടി.എ വൈസ് പ്രസിഡൻറ് ബി നവാസ് എന്നിവർ പങ്കെടുത്തു.








