സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെയും പിടിഎയുടെയും സംയുക്ത നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടപ്പിലാക്കിയത്.
കാബേജ്, തക്കാളി, പയർ വർഗങ്ങൾ തുടങ്ങി നിരവധി ഇനം പച്ചക്കറികളാണ് വിദ്യാർത്ഥികൾ തോട്ടത്തിൽ വിളയിച്ചത്. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഇവിടെ നിന്നാണ് പ്രധാനമായും കണ്ടെത്തുന്നത്. പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജൻ അധ്യക്ഷനായ പരിപാടിയിൽ ഡിവിഷൻ കൗൺസിലർ ഷിഫാനത്ത്, എസ്.എം.സി ചെയർമാൻ സുഭാഷ് ബാബു, പ്രിൻസിപ്പൽ പി.എ. അബ്ദുൾ നാസർ, പ്രധാനാധ്യാപിക ബിജി വർഗീസ് എന്നിവർ സംസാരിച്ചു.








