കൽപ്പറ്റ: കൽപ്പറ്റ -വാരാമ്പറ്റ റോഡ് പണി തുടർച്ചയായി തടസ്സപ്പെടുന്നത് മൂലം പ്രദേശത്തെ ജനങ്ങൾ വളരെ പ്രയാസപ്പെടുന്നു. കൽപ്പറ്റ മുതൽ വാരാ മ്പറ്റവരെയുള്ള 18 കിലോമീറ്ററോളം വരുന്ന റോഡിന്റെ പണി തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും പകുതിഭാഗത്തിന്റെ ഒന്നാം ഘട്ട ടാറിംഗ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
തുടർച്ചയായുണ്ടാകുന്ന തടസ്സം നീക്കി എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെയും ജനപ്രതിനിധികളുടെയും ,അധികാരികളുടെയും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് വെൽഫെയർ പാർട്ടി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പി.എച്ച് ഫൈസൽ, വി.മുജീബ് ,കെ.റഫീഖ് എന്നിവർ സംസാരിച്ചു.
മഴക്കാലവും ,പ്രളയവും അതിനു പുറമെ പ്രദേശവാസികളിൽ ചിലർ കോടതിയെ സമീപിച്ച് തുടർച്ചയായി സ്റ്റേ ചെയ്യിക്കുന്നതും പണി നീണ്ടുപോകാൻ പ്രധാനകാരണമാണ്. ഇപ്പോൾ പിണങ്ങോട് അങ്ങാടിയിലെ ഒരു ഭാഗം വീതി കൂട്ടുന്നതിനായി ഉടമസ്ഥർ തന്നെ പൊളിക്കുകയും ,ഉദ്യോഗസ്ഥർ അനുമതിയില്ലാതെ കെട്ടിടം പൊളിച്ചുവെന്ന വ്യാജ പരാതിയുമായി ഒരു വ്യക്തി കേസുമായി പോയതിനാൽ പണി വീണ്ടും അനിശ്ചിതത്തിലായിരിക്കുകയാണ്. കുറെക്കാലമായി പൊടിശല്യം സഹിച്ച വ്യാപാരികളും ,ഓട്ടോ തൊഴിലാളികളും ,കാൽനടയാൾക്കാരുമെല്ലാം വീണ്ടും പൊടി തിന്നേണ്ട അവസ്ഥയിലായിരിക്കുന്നു. അതേ സമയം തൽപരകക്ഷികളുടെ ആവശ്യാർത്ഥം ചില ഭാഗങ്ങളിൽ അളവിൽ മാറ്റം വരുത്തുന്നതിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും പരാതിയുണ്ട്.