മഴ ശക്തമായതോടെ വീട്ടുവളപ്പിലും മറ്റും പാമ്പ് ശല്യം വര്‍ധിക്കുകയാണ്. വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. പലപ്പോഴും വിഷമില്ലാത്ത പാമ്പുകളാണ് കടിക്കാറുളളത്. വിഷമുളള പാമ്പ് കടിച്ചാലും മരണം ഉടനടി സംഭവിക്കില്ല. അതിനാല്‍ പാമ്പുകടിയേറ്റയാള്‍ക്കു ധൈര്യം നല്‍കുക.
കടിച്ചത് വിഷപ്പാമ്പാണോ അല്ലയോ എന്ന് മുറിവുകളുടെ രീതി നോക്കി മനസിലാക്കാന്‍ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ കാണാം. വിഷപ്പല്ലുകള്‍ തമ്മിലുള്ള അകലം പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. കടിച്ച ഭാഗത്ത് വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ കടന്ന വിഷത്തിന്റെ അളവ് എന്നവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം.
ഇതൊക്കെയാണെങ്കിലും കടിച്ചത് വിഷപ്പാമ്പാണോ അല്ലയോ ഉറപ്പുവരുത്തുന്നതില്‍ പരീക്ഷണത്തിനു നില്‍ക്കേണ്ടതില്ല. ഇക്കാര്യം ആശുപത്രിയില്‍ രോഗിയെ പരിശോധിക്കുന്നതിലൂടെ കണ്ടുപിടിക്കാം. പാമ്പിനെ പിടിക്കാനും സമയം കളയേണ്ടതില്ല. പാമ്പിനെ കിട്ടുന്നത് ചികിത്സയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടതെന്ത്?
പരിഭ്രമിക്കാതിരിക്കുക. കടിയേറ്റവര്‍ ഭയന്ന് ഓടരുത്. ഇതു വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ കാരണമാകും. കടിയേറ്റയാളെ സമാധാനിപ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുക.
കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ കീറി എടുക്കുകയോ ചെയ്യരുത്.
രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക.
ശരീരത്തിന്റെ കടിയേറ്റ ഭാഗത്തുനിന്ന് ഇറുകിയ എന്തും നീക്കംചെയ്യുക (മോതിരം, വളകള്‍, വാച്ച് പോലുളളവ). ഇവ നീക്കം ചെയ്തില്ലെങ്കില്‍ നീരു വരികയും അതുമൂലം ജീവന് അപകടത്തിലാവുകയും ചെയ്യും.
രോഗിയെ നടത്തിക്കാതെ, എത്രയും വേഗം എഎസ്വി(ആന്റി സ്നേക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കുക.
വിഷപ്പാമ്പുകള്‍ അഞ്ചിനം
കേരളത്തില്‍ ആകെ 101 തരം പാമ്പുകളാണുള്ളത്. ഇവയില്‍ മനുഷ്യജീവന് അപകടകരമായ രീതിയില്‍ വിഷമുള്ളവ 10 ഇനങ്ങളില്‍ അഞ്ചെണ്ണം മാത്രമാണു കരയിലുള്ളത്. രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നിവയാണ് അവ. മറ്റ് അഞ്ച് ഇനങ്ങള്‍ കടല്‍പാമ്പുകളാണ്.
വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണമാവില്ല. ഇര പിടിച്ചശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യശരീരത്തിലേക്കു മരണകാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണമെന്നില്ല.
രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു. കാഴ്ച മങ്ങല്‍, ശ്വാസതടസം, അമാശയവേദന എന്നിവയാണു ഫലം. അണലിയുടെ വിഷം രക്തമണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്. ഇതുമൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യും.
പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍നിന്നാണ് നിര്‍മിക്കുന്നത്. മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവയ്ക്കും. തുടര്‍ന്ന് കുതിരയുടെ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റിബോഡി രക്തത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്നു.
സ്നേക് വെനം എവിടെയാക്കെ ലഭ്യമാണ്?
പാമ്പുകടിയേറ്റാന്‍ ആന്റി സ്നേക് വെനം ഇല്ലാത്ത ആശുപത്രികളില്‍ കയറിയിറങ്ങി വിലപ്പെട്ട സമയം കളയരുത്. ആന്റി വെനം സ്റ്റോക്കുള്ള ആശുപത്രികള്‍ ഏതെന്ന് നേരത്തെ അറിഞ്ഞു വയ്ക്കാം. ഓരോ ജില്ലയിലെയും ആന്റി വെനം ലഭ്യമാവുന്ന ആശുപത്രികള്‍ ചുവടെ:
വയനാട്: മാനന്തവാടി ജില്ലാ ആശുപത്രി, ബത്തേരി ജില്ലാ ആശുപത്രി, വൈത്തിരി താലൂക്ക് ഹോസ്പിറ്റല്‍, മേപ്പാടി ഡിഎം വിംസ് ഹോസ്പിറ്റല്‍.
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട് ജനറല്‍ ആശുപത്രി, ആസ്റ്റര്‍ മിംസ് ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജില്ലാ ആശുപത്രി, വടകര ആശ ഹോസ്പിറ്റല്‍.
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, തലശേരി സഹകരണ ആശുപത്രി, എകെജി സ്മാരക ആശുപത്രി.
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം ഹരിദാസ് ക്ലിനിക്ക്.