കേരള സര്‍ക്കാറിന്റെ നൈപുണ്യ വികസന പദ്ധതിയായ (അസാപ്) അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് യുവാക്കള്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മള്‍ട്ടി സ്കില്ലിങ്ങ് സെന്ററുകളായാണ് സ്കില്‍ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സ്ഥാപിക്കുന്ന 16 സ്കില്‍ പാര്‍ക്കുകളില്‍ ഒന്‍പത് എണ്ണമാണ് ഇതിനോടകം പ്രവര്‍ത്തനസജ്ജമായത്.
ഹബ്ബ് & സ്പോക്ക് മോഡലില്‍ പ്രവര്‍ത്തിക്കുന്ന സ്കില്‍ പാര്‍ക്ക് വ്യവസായ മേഖലയെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, നൈപുണ്യ പരിശീലനത്തെയും സംയോജിപ്പിച്ച് വ്യവസായ മേഖലയുടെ ആവശ്യങ്ങളെയും തൊഴില്‍ നൈപുണ്യം നേടിയവരുടെ ലഭ്യതയേയും തമ്മില്‍ ബന്ധിപ്പിക്കും. ഇതിലൂടെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ പുതിയ തൊഴില്‍ മേഖലകളിലേക്ക് എത്തിപ്പെടുന്നതിന് പ്രാപ്തരാക്കുവാന്‍ സാധിക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിഷ്കര്‍ഷിക്കുന്ന ദേശീയ നൈപുണ്യ വികസന ചട്ടകൂട് (എന്‍.എസ്.ക്യൂ.എഫ്) പ്രകാരമുള്ളതും ഇന്‍ഡസ്ട്രി സര്ട്ടിഫിക്കേഷന് ഉള്ളതുമായ നൂതന തൊഴില്‍ നൈപുണ്യ കോഴ്സുകളാണ് സ്കില്‍ പാര്‍ക്കുകള്‍ വഴി നടപ്പിലാക്കുന്നത്. പ്രായഭേദമന്യേ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും സ്കില്‍ പാര്‍ക്കിലെ വിവിധ കോഴ്സുകളില്‍ പങ്കെടുക്കാം.
മാനന്തവാടി ഗവണ്മെന്റ് കോളേജിന് സമീപം പ്രവര്‍ത്തനമാരംഭിക്കുന്ന കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അദ്ധ്യക്ഷത വഹിക്കും. സ്കില്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഒ.ആര്. കേളു എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടക്കുന്ന പരിപാടിയില്‍ സി.എസ്.പി മാനന്തവാടിയുടെ ഫേസ്ബുക്ക് പേജിലൂടെയും, https://www.youtube.com/c/oricemsccd
എന്ന യുട്യൂബ് ലിങ്ക് ഉപയോഗിച്ചും പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം.